കൊച്ചി: എറണാകുളത്ത് 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് വ്യക്തമാക്കി മന്ത്രി വി.എസ് സുനിൽകുമാർ. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത് 50 പേർക്കായിരുന്നുവെന്നും ഡാറ്റ എൻട്രി സ്റ്റാഫിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഉണ്ടായ സാങ്കേതിക തടസം കാരണമാണ് 35 പേരുടെ കണക്ക് പുറത്ത് വിടാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഇന്നലെ പുറത്തു വിടാൻ പറ്റാതിരുന്ന 35 കേസുകൾ ഇന്ന് പുറത്തുവിടും. മുപ്പത്തിയഞ്ച് കേസും ചെല്ലാനത്ത് നിന്നാണ്. ഇന്ന് 33 പേർക്ക് കൂടി ചെല്ലാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ജില്ലയിൽ 405 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 9 പേർ ഐ.സി.യുവിലാണ്. ചെല്ലാനം മേഖലയിലാണ് എറ്റവും കൂടുതൽ ആളുകൾക്ക് രോഗം ബാധിച്ചത്. 83 പേർക്കാണ് ചെല്ലാനത്ത് കൊവിഡ് പോസിറ്റീവായത്.
മൊബൈൽ മെഡിക്കൽ ടീം ചെല്ലാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി ചെല്ലാനം മേഖലയിലെ രോഗലക്ഷണമുള്ളവരെയെല്ലാം ഇന്ന് തന്നെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും അറിയിച്ചു. ഇന്ന് കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്നതായും സുനിൽ കുമാർ മാദ്ധ്യമങ്ങളെ അറിയിച്ചു. ഭക്ഷ്യ കിറ്റ് നൽകാൻ തയ്യാറുള്ളവർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.
കൊച്ചിൻ കോർപ്പറേഷന് കീഴിലുള്ള എല്ലാ വാർഡുകളിലും കുറഞ്ഞത് 50 കിടക്കകളുള്ള താത്ക്കാലിക ആശുപത്രികൾ ഉടൻ സജ്ജീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഡബിൾ ചേംബേർഡ് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയോടെ പി.വി.എസ് ആശുപത്രിയിൽ ഒ.പി ആരംഭിക്കും. ചെല്ലാനത്ത് സെന്റ് മേരീസ് പള്ളിയുടെ ഹാളിൽ 50 കിടക്കകൾ ഉള്ള താത്‌കാലിക ആശുപത്രി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് എറണാകുളത്ത് ഡോക്‌ടർക്ക് ഉൾപ്പെടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |