
തിരുവനന്തപുരം: സർക്കാരിന്റെ തുടർഭരണത്തിനെതിരെ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ നടത്തിയ പ്രസ്‌താവനയെ വിമർശിച്ച് മുരുകൻ കാട്ടാക്കട. സച്ചിദാനന്ദന്റേത് അപക്വമായ പ്രതികരണമാണെന്നും സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാനത്തിരുന്ന് അവർക്കെതിരെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു പ്രമുഖമാദ്ധ്യമത്തോട് പറഞ്ഞു.
'സച്ചിദാനന്ദൻ പറയുന്ന രാഷ്‌ട്രീയ അഭിപ്രായങ്ങൾ അപക്വവും ബാലിശവുമാണ്. കാരണം അദ്ദേഹം ഒരു രാഷ്‌ട്രീയപ്രവർത്തകനല്ല. സച്ചിമാഷ് സാഹിത്യത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതിന് ആധികാരികതയുണ്ടാകും. രാഷ്‌ട്രീയപ്രസ്‌താവനകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. സർക്കാർ നൽകിയ പദവിയിലിരുന്നല്ല വിമർശിക്കേണ്ടത്. സച്ചിമാഷിന്റെ രാഷ്‌ട്രീയ ഭൂമിക ഡൽഹിയാണ്. അദ്ദേഹത്തിന് അവിടത്തെ രാഷ്‌ട്രീയം മാത്രമാണ് പരിചയം' -മുരുകൻ കാട്ടാക്കട പറഞ്ഞു. ഡൽഹിയിലെയും കേരളത്തിലെയും സാഹചര്യം വ്യത്യസ്‌തമാണെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു.
വിഷയത്തിൽ സച്ചിദാനന്ദനെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. വിമർശനങ്ങൾക്കിടയിലും നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അദൃശ്യരെയും ശബ്‌ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യം. മാർക്‌സിസം മുന്നോട്ടുപോകാനുള്ള വഴി ഇതാണെന്നും അദ്ദേഹം കുറിച്ചു. സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്താണെന്ന് മനസിലാക്കുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
എഴുത്തുകാരി സാറാ ജോസഫ് ഉൾപ്പടെയുള്ളവർ സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് ഏകാധിപത്യത്തിലേക്ക് പോകുമ്പോഴാണെന്നും ഭരണം മാറുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്നുമായിരുന്നു സാറാജോസഫിന്റെ വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |