തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന ചിത്രത്തിന്, പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഷാജി കൈലാസ് രംഗത്ത്. ജോസിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയാക്കാൻ നേരത്തെ രഞ്ജി പണിക്കരും താനും ആലോചിച്ചിരുന്നതായും ഷാജി കൈലാസ് പറയുന്നു. അതേസമയം തന്റെ ഇപ്പോഴത്തെ ചിത്രത്തിന് ജോസുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഷാജി കൈലാസ് പറയുന്നത്.
കടുവ ഒരു യുവ പ്ലാന്ററുടെ കഥയാണ്. കാര്യമറിയാതെ ആളുകൾ വിവാദമുണ്ടാക്കുകയാണ്. ജിനുവിന്റെ തിരക്കഥ തീർത്തും വ്യത്യസ്തമാണെന്നും ഷാജി കൈലസ് വ്യക്തമാക്കി. ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോൾ തന്റെ അടുത്തേക്ക് ജിനു വന്നതാണ്. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ഈ രണ്ടു ചിത്രങ്ങളും രണ്ടാണ്. താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവൻ തിരക്കഥ വായിച്ചിട്ടുള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.
കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രം തീർത്തും സാങ്കൽപ്പികമാണെന്നും അദ്ദേഹം പറയുന്നു.
താൻ സംവിധാനം ചെയ്‌ത എഫ്.ഐ.ആർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ജോസിനെ കാണുന്നത്. സുഹൃത്താണ് ജോസിന്റെ അടുത്തേക്ക് തന്നെ കൊണ്ടുപോകുന്നത്. അവിടെ ഷൂട്ട് ചെയ്യാൻ സാധിക്കുമോ എന്നറിയാനായിരുന്നു അത്. എനിക്കദ്ദേഹത്തേയും വീടും ഇഷ്ടമായി. രഞ്ജി പണിക്കറുമായുള്ള ചർച്ചയിൽ ജോസിന്റെ ജീവിതം പറയുകയും അത് പിന്നീട് മോഹൻലാലിനെ നായകനാക്കി സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ അത് നടക്കാതെ പോയെന്നും ഷാജി കൈലാസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കടുവയ്ക്കെതിരെ പാലാ സ്വദേശിയായ കുറുവച്ചൻ എന്ന ജോസ് കുരുവിനാക്കുന്നേൽ രംഗത്ത് വന്നത്. തന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രമൊരുക്കാൻ വർഷങ്ങൾക്ക് മുൻപ് രഞ്ജി പണിക്കർക്ക് അനുവാദം കൊടുത്തതാണെന്നും പൃഥ്വിരാജിന്റെ സിനിമയുടെ അണിയറ പ്രവർത്തകർ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും തന്റെ അനുമതിയില്ലാതെ ചിത്രം പുറത്തിറാക്കാനാകില്ലെന്നുമായിരുന്നു ജോസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |