താരസുന്ദരിമാരായഅനു സിതാരയുടെയും നിമിഷ സജയന്റെയും അപൂർവ
സൗഹൃദത്തിന്റെ കഥ
സിനിമക്കാർക്കിടയിൽ അത്രയ്ക്ക് സൗഹൃദമൊക്കെയുണ്ടോ? അതും തിളങ്ങിനിൽക്കുന്ന രണ്ട് നായികമാർ തമ്മിൽ. മത്സരവും അസൂയയുമൊക്കെയല്ലേ കൂടുതൽ...? എന്നൊക്കെ ചിന്തിച്ചു കാടുകയറിയല്ലേ.? കുറച്ചു നേരം നമുക്ക് ഈ സുന്ദരിക്കുട്ടികളുടെ സംസാരമൊന്നു കേട്ടു നോക്കാം...
സൗഹൃദക്കഥ പറയാൻ ആദ്യമെത്തിയത് അനു സിതാരയാണ്. ഒപ്പം ഭർത്താവ് വിഷ്ണുവും. അഞ്ച് മിനിട്ട് കഴിയും മുമ്പേ സ്വതസിദ്ധമായ ചിരിയോടെ നിമിഷ പ്രത്യക്ഷപ്പെട്ടു. വന്നുടനേ ചിങ്ങിണീ...എന്നു നീട്ടി വിളിച്ച് അനുവിനെ കെട്ടിപ്പിടിച്ചു. നിമ്മൂ നീ എപ്പോഴും ലേറ്റാണല്ലോ എന്നു കളിയാക്കി അനു നിമിഷയുടെ ചെവിക്കു പിടിച്ചു.
നിമിഷ: ആരാ ചിങ്ങിണീന്ന് മനസിലായോ. അനു ചേച്ചിയെ ഞാൻ വിളിക്കുന്നത് ചിങ്ങിണീന്നാണ്. അനു ചേച്ചിയുടെ വീട്ടിൽ വിളിക്കുന്ന പേരാ. അതു ഞാനിങ്ങെടുത്തു. അതാ ചേച്ചിക്കും ഇഷ്ടം. അല്ലേലും ഞാൻ അനു ചേച്ചീടെ അനിയത്തി കുട്ടിയല്ലേ. അങ്ങനെതന്നെയല്ലേ വിളിക്കേണ്ടത്. അല്ലേ ചിങ്ങിണീ... ചേച്ചി എന്നെ നിമ്മീ, നിമ്മു എന്നൊക്കെയാ വിളിക്കുന്നേ.
അനുസിതാര: ഓ... ഇവൾ എല്ലാം വിളിച്ചു പറയുമെന്നാ തോന്നുന്നത്. ഈ നിമ്മു എല്ലാ കാര്യത്തിലും കുട്ടികളെ പോലെയാണ്. സിനിമയിൽ ഒരുപാട് പക്വതയുള്ള വേഷങ്ങൾ ചെയ്യും. കാമറ ഓഫ് ആയാൽ കുട്ടിക്കളി തുടങ്ങും. കുറുമ്പിന് ഒരു കുറവുമില്ല.
നിമിഷ: കണ്ടാൽ എല്ലാവരും കരുതും ഞാനാണ് വായാടിയെന്ന്. പക്ഷേ, ഞങ്ങൾ മാത്രമുള്ളപ്പോൾ എന്നെക്കാൾ സംസാരിക്കുന്നത് അനുചേച്ചിയാണ്. സിനിമയിൽ കാണുന്ന അനു സിതാരയല്ല യഥാർത്ഥത്തിൽ. നന്നായി സംസാരിക്കും. കുപ്രസിദ്ധ പയ്യന്റെ സെറ്റിൽ വച്ചാണ് ഈ കൂട്ട് ഉണ്ടായി വന്നത്. അതുവരെ അനുചേച്ചിയെ നേരിട്ടറിയില്ലായിരുന്നു. ഷൂട്ടില്ലാത്ത ഒരു ദിവസം ഞാൻ വെറുതേ സെറ്റിൽ പോയി. അപ്പോഴതാ അനുചേച്ചി ദൂരെ നിന്ന് നടന്നു വരുന്നു. ഞാൻ അടുത്തേക്ക് ചെന്നു. ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങൾ തോളത്തെല്ലാം കൈയിട്ട് എടീ നീ എപ്പോ എത്തീ, ചേച്ചി എപ്പൊ എത്തീ എന്നൊക്കെ ചോദിച്ച് തുടങ്ങിയ ഫ്രണ്ട്ഷിപ്പാണ്. അത് ഒരു മാറ്റവുമില്ലാതെ പ്രശ്നവുമില്ലാതെ ഇവിടെ വരെയെത്തി.
അനുസിതാര: സാധാരണ ഞാൻ ആരുമായും പെട്ടെന്ന് അടുക്കാറില്ല. നിമ്മു പറഞ്ഞപോലെ കുപ്രസിദ്ധ പയ്യന്റെ സെറ്റിൽ വച്ച് കണ്ടപ്പോൾ തന്നെ തോളിലൂടെ കൈയൊക്കെയിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരേ വർത്തമാനമായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഞാൻ നേരെ നിമിഷയുടെ റൂമിലേക്ക് പോകും. അവിടെ ഡാൻസും പാട്ടും ബഹളവുമായിരിക്കും. ഇൻസ്റ്റഗ്രാം വീഡിയോസൊക്കെ നോക്കിയിരിക്കും. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിൽ പോയിട്ടും വീഡിയോ കാളിലൂടെ സംസാരിക്കുമായിരുന്നു. സ്കൂളിൽ പഠിച്ച കാലം മുതലുള്ള കൂട്ടുകാരുമായി ഇപ്പോഴും അടുപ്പമുണ്ടെങ്കിലും ഫോൺ വിളിയും സംസാരവുമൊക്കെ കുറവാണ്. പക്ഷേ, ഇവൾ എന്നെ വിട്ടില്ല.
നിമിഷ: നായികമാരുടെ ഇടയിൽ ഭയങ്കര ഈഗോ അല്ലേ. ഇത്രയും ആത്മാർത്ഥമായ ഫ്രണ്ട്ഷിപ്പ് സാദ്ധ്യമാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല. ഞാൻ എല്ലാവരുമായും സംസാരിക്കും. പെട്ടെന്ന് കൂട്ടാവുകയും ചെയ്യും. അനു ചേച്ചിയോടാണ് ഏറ്റവും അടുപ്പം. എന്തുകാര്യത്തിനും നമ്മളോടൊപ്പം നിൽക്കും. അതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നെക്കുറിച്ച് ആരെങ്കിലും നല്ലതുപറഞ്ഞാൽ ചേച്ചിയാണ് കൂടുതൽ സന്തോഷിക്കുക.
അനുസിതാര: തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ടപ്പോഴേ നിമിഷയെ ശ്രദ്ധിച്ചിരുന്നു. നല്ല കഴിവുള്ള കുട്ടിയാണല്ലോയെന്ന് വിചാരിക്കുകയും ചെയ്തു. പരിചയപ്പെടുമെന്നോ കൂട്ടാകുമെന്നോ കരുതിയതേയില്ല.
നിമിഷ: പരിചയപ്പെടുന്നതിനു മുമ്പേ എനിക്ക് അനുച്ചേച്ചിയെ ഇഷ്ടമാണ്. രണ്ടുമൂന്നു സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ടത് ക്യാപ്റ്റനാണ്. അക്കാര്യം ഞാൻ അനുചേച്ചിയോട് പറഞ്ഞിട്ടില്ലേ. ക്ളൈമാക്സിലൊക്കെ എന്താ അഭിനയം. കിടുക്കാച്ചിയല്ലേ. ഞങ്ങൾ രണ്ടുപേരും രണ്ട് സ്വഭാവക്കാരാണ്. അതായിരിക്കും ഈ കൂട്ടുകെട്ടിന്റെ രഹസ്യം. സിനിമകളുടെയും ജീവിതത്തിന്റെയും കാര്യത്തിലെല്ലാം രണ്ട് അഭിപ്രായമാണ്. അങ്ങോട്ടുമിങ്ങോട്ടും വാദിക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാ കാര്യത്തെ കുറിച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് ലഭിക്കും.
അനുസിതാര: സിനിമയുടെ കാര്യം വരുമ്പോൾ നിമ്മു സീരിയസാകും. ഇവൾ ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലാണ്. ഇഷ്ടപ്പെട്ട സിനിമകൾ എനിക്കും കാട്ടിത്തരാറുണ്ട്. ഞാനും എന്റെ ഇഷ്ട സിനിമകൾ കാണിച്ചു കൊടുക്കും.
നിമിഷ: തിരക്കൊക്കെയുണ്ടെങ്കിലും ഞങ്ങൾ ഒത്തുകൂടാൻ സമയം കണ്ടെത്താറുണ്ട്. അനുചേച്ചിയും വിഷ്ണു ചേട്ടനും ഷൂട്ട് കഴിഞ്ഞ് നേരെ ഞങ്ങളുടെ വീട്ടിലേക്കാവും വരുന്നത്. വൈകുന്നേരം ഔട്ടിംഗിനു പോകും. ഞങ്ങൾക്ക് രണ്ടുപേർക്കും കൊച്ചിയിൽ വേറെ ഫ്രണ്ട്സില്ല. ഞാൻ ഡൽഹീന്നും അനുച്ചേച്ചി വയനാട്ടിൽ നിന്നുമല്ലേ വന്നത്. ഞാനും മമ്മീം എന്റെ ചേച്ചീം അനു ചേച്ചിയും വിഷ്ണു ചേട്ടനും കൂടിയാണ് ഡിന്നറിന് പോകാറ്. അന്ന് അവിടെ താമസിച്ചിട്ട് പിറ്റേന്നേ അവർ വീട്ടിലേക്ക് പോകാറുള്ളൂ.
അനുസിതാര: നിമ്മിയുടെ അമ്മ എനിക്ക് ഇഷ്ടമുള്ളതെല്ലാം പാചകം ചെയ്തു തരും. ഞണ്ടുകറി ഇഷ്ടമാണെന്നറിഞ്ഞ് ഒരു ദിവസം നല്ല സൂപ്പർ ഞണ്ടുകറിയുണ്ടാക്കി തന്നു. നിമ്മുവിന്റെ ചേച്ചി എന്റെയും സഹോദരിയെ പോലെയാണ്. സത്യം പറഞ്ഞാൽ നിമിഷ കൂട്ടുകാരിയല്ല. എന്റെ സ്വന്തം അനിയത്തിക്കുട്ടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |