തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ എട്ട് മണിക്കൂറിലേറെ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായ എം.ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഇനിയെന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കളങ്കിതനായ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. കേരളത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ മുഖ്യമന്ത്രി രാജിവച്ചൊഴിയണം. തനിക്ക് മേലുള്ള ചെളി കഴുകിക്കളയാനാണ് വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും ജനങ്ങളെയും മാദ്ധ്യമങ്ങളെയും പരിഹസിക്കുന്നതും.
മുഖ്യമന്ത്രിയും ഓഫീസും മുൻ സെക്രട്ടറിയും ചേർന്ന് നടത്തിയ ഇടപാടുകളിലെ ദുരൂഹത ദിവസേന വർദ്ധിക്കുകയാണ്. മുഖ്യമന്ത്രി ആരെയോ ഭയക്കുന്നു. രാജ്യദ്രോഹികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ചീഫ്സെക്രട്ടറിയുടെയും ധനകാര്യസെക്രട്ടറിയുടെയും അന്വേഷണം ആർക്ക് വേണം?
പി.എസ്.സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തികളാക്കി ഇഷ്ടക്കാർക്ക് അനധികൃതമായി നിയമനം നൽകുകയാണ്. ഇത്തരത്തിൽ നിയമനം കിട്ടിയ ഐ.ടി ഫെല്ലോ ആണ് കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് മുറി ബുക്ക് ചെയ്തത്. ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് കോൺസുലേറ്റുമായി എന്താണ് ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |