
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ലെന്ന് കോടതിയിൽ പറഞ്ഞതാണ്. നിയമസഭയിലെ ചോദ്യത്തിന് തന്ന മറുപടി സത്യന്ധമല്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശമില്ലാത്തതിനാൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണം.
അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ലുണ്ടാക്കി.
നേരത്തേ പാഠപുസ്തകം
തുഗ്ലക്ക് പരിഷ്കാരം
സ്‌കൂളുകൾ തുറക്കും മുമ്പ് അടുത്ത അദ്ധ്യയന വർഷത്തെ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അടുത്ത ക്ലാസിലേക്ക് കുട്ടികൾ ജയിക്കുമോയെന്ന് അറിയാതെയാണോ പുസ്‌തകം എത്തിക്കുന്നത്. പുസ്തകം നേരത്തെ അടിക്കുന്നത് ഭരണ നേട്ടമല്ല.
ചെന്നിത്തല പരിഹസിച്ചത്
നാടിനെ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തകം നേരത്തെ അച്ചടിച്ച് വിതരണം ചെയ്യുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് കടുത്ത മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പാഠപുസ്തകങ്ങളുടേയും യൂണിഫോമിന്റേയും വിതരണോദ്ഘാടനം നിർവഹിക്കവെയാണ് പേരുപറയാതെ ചെന്നിത്തലയ്ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
'പാഠപുസ്തക വിതരണത്തിനെതിരെ പറഞ്ഞയാൾ ഒരു ബഹുമാന്യവ്യക്തിയാണ്. 2016ന് മുമ്പ് അന്നത്തെ സർക്കാരിൽ ഉന്നതസ്ഥാനം വഹിച്ചയാളാണ്. അദ്ദേഹത്തിന്റേത് നാടിന് നേരെയുള്ള പരിഹാസമാണ്. 10 വർഷം മുമ്പുള്ള കെടുകാര്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്ത, അതിന് ഉത്തരവാദിയായ മനുഷ്യനാണ് ഇങ്ങനെ പറയുന്നത്. പാഠപുസ്തകം വിതരണം ചെയ്യുന്നതിൽ കാര്യമൊന്നും ഇല്ലായെന്നാണ് കണ്ടെത്തൽ. പാഠപുസ്‌തകങ്ങൾ കുട്ടികൾക്ക് പ്രധാനമാണ്. എല്ലാ കുട്ടികൾക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പുസ്തകം എത്തിക്കാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാഠപുസ്തകം നേരത്തെ വിതരണം ചെയ്യുന്നതിനെ ചെന്നിത്തല വിമർശിച്ചത്. അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്ന് അറിയാതെയാണോ പാഠപുസ്തകം കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |