കൊല്ലം: താനാണ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയതെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞ സൂരജിന്റെ മൊഴിയിലെ തന്ത്രം തെരഞ്ഞ് അന്വേഷണ സംഘം. പൊലീസ് തന്നെ കുടുക്കിയതാണെന്ന് നേരത്തേ പല തവണ മാദ്ധ്യമങ്ങളോട് പറഞ്ഞ സൂരജ് ഇപ്പോൾ നിലപാട് മാറ്റിയത് എന്തിനാണെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അഭിഭാഷകന്റെ നിർദ്ദേശപ്രകാരം അച്ഛനെയും അമ്മയെയും സഹോദരിയെയും രക്ഷിക്കാനുള്ള തന്ത്രമാകാമെന്നാണ് കരുതുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുമായി ഇക്കാര്യം ഉദ്യോഗസ്ഥർ ചർച്ച ചെയ്യുകയും ചാനലുകളിലും പത്രങ്ങളിലും വന്ന വാർത്തകൾ തെളിവായി ശേഖരിക്കുകയും ചെയ്തു. കോടതിയിൽ സൂരജ് കുറ്റം നിഷേധിച്ചാൽ തെളിവായി ഹാജരാക്കാനാണിത്.
ഫോറൻസിക് റിപ്പോർട്ടുകൾ കൂടി കിട്ടുന്ന മുറയ്ക്ക് കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചു വരുകയാണ്.
പാമ്പ് സുരേഷ് രഹസ്യമൊഴി നൽകും
പാമ്പ് പിടിത്തക്കാരൻ ചാവരുകാവ് സുരേഷ് തനിക്ക് ചില വെളിപ്പെടുത്തലുകൾ നടത്താനുണ്ടെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് കൊല്ലത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നടപടി തുടങ്ങിയിട്ടുണ്ട്. 164 പ്രകാരം ഇയാൾ കൊടുക്കുന്ന മൊഴിയുടെ പകർപ്പ് കോടതി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. ഇൗ മൊഴിയുടെ അടിസ്ഥാനത്തിലാവും പൊലീസ് തുടർനടപടി സ്വീകരിക്കുക. കൊലപാതകത്തിനാണെന്ന് അറിയാതെയാണ് സൂരജിന് പാമ്പിനെ നൽകിയതെന്ന് മൊഴി നൽകിയാൽ സുരേഷിനെ മാപ്പുസാക്ഷിയാക്കും. തെളിവ് പ്രോസിക്യൂഷന് അനുകൂലമല്ലെങ്കിൽ പ്രതിസ്ഥാനത്ത് തുടരുകയും ചെയ്യും. ഇതുവരെ നൂറിലേറെപ്പേരുടെ മൊഴിയാണെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |