കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനുമെതിരെ പ്രൊഫ. എം.കെ. സാനു ഉയർത്തുന്ന ബാലിശവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പൊതുസമൂഹവും ഗുരുധർമ്മപക്ഷത്ത് നിൽക്കുന്നവരും തള്ളിക്കളയുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
117 വർഷത്തെ സൗരഭ്യപൂർണമായ പ്രവർത്തന വൈഭവത്താൽ ജനപക്ഷത്തു നിൽക്കുന്ന സംഘടനയാണ് ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗം. പാവപ്പെട്ട ലക്ഷക്കണക്കിന് പിന്നാക്ക സമുദായങ്ങളുടെ ആശ്രയവും പ്രതീക്ഷയുമാണിത്. വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായ ശേഷം സംഘടന കൈവരിച്ച വളർച്ച കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാകില്ല. സംഘടന കൊണ്ട് ശക്തരാകണമെന്ന ഗുരുദർശനത്തിലൂന്നി രണ്ട് പതിറ്റാണ്ട് കൊണ്ട് കേരളത്തിലെ ഏറ്റവും പ്രബലമായ സംഘടനകളിലൊന്നായി യോഗത്തെ മാറ്റിയത് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലാണ്. ജനപിന്തുണയില്ലാത്ത കളങ്കിതരും സംഘടനാ, സമുദായ വിരുദ്ധരുമായ ചിലരുടെ കൈയിലെ കളിപ്പാവയായി എം.കെ.സാനുവിനെപ്പോലെ ആദരണീയനായ ഒരാൾ മാറരുത്. ഒപ്പം നിൽക്കുന്നവരുടെ ചരിത്രവും സ്വാർത്ഥ താത്പര്യങ്ങളും തിരിച്ചറിയണം.
സംഘടനയിലോ സമുദായത്തിനോ ഒരു സംഭാവനയും നൽകാതെ, ദുരൂഹമായ വ്യക്തിതാത്പര്യം മാത്രം മുൻനിറുത്തി യോഗത്തിനെയും നേതൃത്വത്തിനെയും ആക്ഷേപിക്കുന്നവർക്ക് ഒരു ശാഖയിൽപ്പോലും സ്വാധീനമില്ലെന്ന സത്യം മനസിലാക്കണം. പ്രായത്തെപ്പോലും മാനിക്കാതെ കൊവിഡ് കാലത്ത് പൊതുഇടങ്ങളിൽ അങ്ങയെ സമരത്തിനിറക്കുന്നവരുടെ ഉദ്ദേശ്യം അങ്ങയുടെ പേര് ഉപയോഗപ്പെടുത്തൽ മാത്രമാണ്. യോഗത്തെ കരിവാരിത്തേയ്ക്കാൻ കൂട്ടുനിൽക്കരുത്. യോഗവിരുദ്ധരുടെ കോടാലിക്കൈയായി മാറരുത്- പ്രസ്താവനയിൽ തുഷാർ പറഞ്ഞു.
സുഭാഷ് വാസുവിനെതിരെയും
എൻ.ഐ.എ അന്വേഷണം വേണം
അന്താരാഷ്ട്ര സ്വർണക്കടത്ത് ശൃംഖലയുടെ ഭാഗമായ സുഭാഷ് വാസുവിനെതിരെയും എൻ.ഐ.എ അന്വേഷണം വേണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
യോഗം മാവേലിക്കര യൂണിയനിൽ 11.5 കോടിയുടെ മൈക്രോഫിനാൻസ് തട്ടിപ്പുകേസിലെ ഒന്നാം പ്രതിയും ഹവാല പണമിടപാട് കേസിൽ എൻഫോഴ്സ്‌മെന്റ് അന്വേഷണത്തിലുള്ള പ്രതിയുമാണ് സുഭാഷ് വാസു. ഇദ്ദേഹം മാസത്തിൽ 2, 3 പ്രാവശ്യം വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിലും ദുരൂഹതയുണ്ട്. സുഭാഷ് വാസുവിന്റെ വീട്ടിൽ സ്പിരിറ്റ് ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെയും കോടതിയെയും സമീപിക്കുമെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |