ന്യൂഡൽഹി: യു.എ.ഇ അറ്റാഷെ റഷീദ് ഖാമീസ് അൽ അഷ്‌മി ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയായിരുന്നു ഇയാൾ. രണ്ട് ദിവസം മുമ്പാണ് അറ്റാഷെ ഡൽഹിയിൽ നിന്നും യു.എ.ഇയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. അറ്റാഷെയുടെ സഹായം സ്വർണക്കടത്ത് പ്രതികൾക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സർക്കാർ വൃത്തങ്ങൾ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.
അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്.സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സ്വർണക്കടത്ത് കേസ് സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം രാജ്യം വിട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് നേരത്തെ കേന്ദ്ര സർക്കാർ യു.എ.ഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. യു.എ.ഇ. നിർദേശിച്ചത് പ്രകാരമാണോ അറ്റാഷെ മടങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല.
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘം നയതന്ത്ര ചാനൽ വഴിയെത്തിയ ബാഗ് പരിശോധനക്കായി കസ്റ്റഡിയിലെടുത്തപ്പോൾ ബാഗ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് അറ്റാഷെയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഔദ്യോഗിക വേഷത്തിൽ കസ്റ്റംസ് ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് ക്ഷുഭിതനാകുന്ന സാഹചര്യം വരെ ഉണ്ടായി. അതിനിടെ ബാഗ് നയതന്ത്ര ബാഗ് അല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു.
അറ്റാഷെയും സരിത്തും തമ്മിൽ ജൂലായ് മൂന്നിനും അഞ്ചിനും ഫോൺ വിളികൾ നടന്നിട്ടുണ്ടെന്നാണ് കോൾ രജിസ്റ്റർ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. അറ്റാഷെയും സ്വപ്നയും തമ്മിൽ ജൂൺ 1 മുതൽ ഒരു മാസം 117 തവണയും ജൂലായ് 1 മുതൽ 4 വരെ 35 തവണയും ഫോണിൽ സംസാരിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് ഇരുപത് തവണയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |