
തിരുവനന്തപുരം: കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിലേക്ക്. ഇന്നോ നാളെയോ അദ്ദേഹം കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. ശനിയാഴ്‌ച രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തിയ ശേഷമാകും സംസ്ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക.
അതേസമയം, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞശേഷമാകും തുടർ തീരുമാനങ്ങൾ.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ആർഎസ്‌എസ് സമർപ്പിച്ചിട്ടുള്ള പേരുകൾകൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദേശിക്കാനാണ് സാദ്ധ്യത. മേയർ സ്ഥാനത്തേക്ക് ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ പാർട്ടി പ്രതിനിധിയായി മത്സരിപ്പിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
മുൻ കൗൺസിലുകളിൽ അംഗങ്ങളായ നിരവധിപേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്. പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ ഭൂരിഭാഗംപേർക്കും സ്ഥിരസമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കും. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്ഥിരസമിതി അദ്ധ്യക്ഷ സ്ഥാനം നൽകേണ്ട എന്ന നിലപാടെടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗംപേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം അബദ്ധമായതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |