എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും ...നീലക്കുയിൽ സിനിമയിൽ കോഴിക്കോട് അബ്ദുൾ ഖാദർ അനശ്വരമാക്കിയ ഗാനം പി.ജെ.ജോസഫ് മാറ്റി പാടുകയാണ് ' എങ്ങിനെ നീ മറക്കും ജോസേ ..എങ്ങനെ നീ മറക്കും എന്റെ വിപ്പേ..
\കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ജോസ് വിഭാഗം മാറാതെ വന്നതോടെ അവിശ്വാസ പ്രമേയം നൽകും വിപ്പ് നൽകും എന്നൊക്കെ മുന്നറിയിപ്പു നൽകിയെങ്കിലും ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്നു പുറത്താക്കിയപ്പോൾ ഞെട്ടിയ ജോസഫ് ശോകഗാനം വിട്ടതാണ്.
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ രണ്ടില ചിഹ്നത്തിനായി ജോസും ജോസഫും കടിപിടി നടത്തിയേനേ . കൊവിഡ് കാരണം ഉപതിരഞ്ഞെടുപ്പ് തന്നെ മാറ്റി. ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ ശവത്തിൽ കുത്തേണ്ടെന്നു കരുതിയ ജോസഫ് കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസവും ഉപേക്ഷിച്ചു . ഇടതു മുന്നണിയിലേക്ക് ചേക്കേറാൻ ജോസ് വിഭാഗം ആലോചന മുറുക്കി, സ്വർണക്കടത്ത് കേസിൽ പിണറായിക്ക് ക്ലീൻ ചിറ്റ് വരെ കൊടുത്തുവന്നതിനിടയിലാണ് മാണിക്കെതിരെ ബാർകോഴ കേസ് എടുത്ത സാക്ഷാൽ ചെന്നിത്തല ഇടതു സർക്കാരിനും സ്പീക്കർക്കുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. പിറകേ ജോസഫ് സാധനം കൈയ്യിലുണ്ടെന്ന് പറഞ്ഞ് വിപ്പ് ഉയർത്തിയത്.
അഞ്ച് എം.എൽ.എമാരിൽ മൂന്നു പേർ ജോസഫിനൊപ്പമാണ്. രണ്ട് എം.പിയും രണ്ട് എം.എൽഎമാരും ജോസ് പക്ഷത്തും. ആരടാ വലിയവൻ എന്നു ചോദിച്ചാൽ രണ്ട് പേരും തങ്ങളാണെന്ന് പറയും. കോടിയേരിയുടെ മകന്റെ ഡി.എൻ.എ ഫലം പുറത്തു വരാത്തതു പോലെ തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ തീരുമാനം നീട്ടിക്കൊണ്ടു പോവുകയാണ്.
അവിശ്വാസപ്രമേയത്തെ ജോസ് വിഭാഗം അനുകൂലിക്കുന്നില്ലെങ്കിൽ വിപ്പ് ലംഘിച്ചതിന് രണ്ട് എം.എൽഎ മാരെ അയോഗ്യരാക്കി വീട്ടിലേക്ക് പറഞ്ഞു വിടുമെന്നാണ് സന്തോഷം കൊണ്ട് ഇരിക്കാൻ മേലാതെ ജോസഫ് പറയുന്നത് . അത് പുറപ്പുഴ വീട്ടിൽ ചെന്ന് ശാന്തയോട് പറഞ്ഞാൽ മതിയെന്നാണ് ജോസിന്റെ മറുപടി. യു.ഡി.എഫിൽ നിന്നു പുറത്താക്കി. പിന്നെ എന്തു വിപ്പ്. ജോസഫിനെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് സ്പീക്കർക്ക് പരാതി നൽകിയതിൽ തീർപ്പായില്ല. ചിഹ്നവും ചെയർമാൻ സ്ഥാനവും സംബന്ധിച്ച കേസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോർട്ടിലാണ് . ഇതിനിടയിൽ 'വിപ്പ് " എന്നൊക്കെ പള്ളീൽ പറഞ്ഞാൽ മതിയെന്നാണ് ജോസിനൊപ്പം നിൽക്കുന്നവർ പറയുന്നത്. 'വിപ്പ് ...അവിശ്വാസം "ഇപ്പം കൊണ്ടു വരും എന്നൊക്കെ ജോസഫ് ഉറക്കത്തിലും വിളിച്ചു പറയും . പറച്ചിൽ മാത്രമേ ഉള്ളൂ. ഒരിക്കലും പ്രയോഗിക്കില്ല എന്നാണ് ജോസ് വിഭാഗം പ്രചരിപ്പിക്കുന്നത്.
നിയമസഭയിൽ ജോസഫ് വാക്കൗട്ട് പ്രഖ്യാപിക്കും മുമ്പേ ജോസ് വിഭാഗത്തിലെ ജയരാജും, റോഷി അഗസ്റ്റിനും ഇറങ്ങി പോവുകയാണ് പതിവ്. അവിശ്വാസ പ്രമേയം വരുമ്പോൾ അത് നടക്കുമോ എന്നു കണ്ടറിയണം. അവിശ്വാസത്തിനെതിരെ ജോസ് വിഭാഗം എം.എൽ.എമാർ വോട്ട് ചെയ്താലും വിട്ടുനിന്നാലും വിപ്പ് എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കാലുമാറ്റ നിരോധന നിയമത്തിൽപ്പെടുത്തി വീട്ടിലിരുത്തുമെന്നാണ് ജോസഫിന്റെ ഉഗ്രപ്രതിജ്ഞ .
27ന് നിയമസഭ ചേരുമ്പോൾ രണ്ടിലൊന്ന് നടക്കും. അതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് രണ്ട് എം.പിമാരുള്ള ജോസിന് അനുകൂലമായി വന്നാൽ ജോസഫിന് പിന്നെയും ശോകഗാനം പാടേണ്ടി വരും. അതിനായി നമുക്ക് കാത്തിരിക്കാം.
പാട്ടുപഠിച്ചിട്ടില്ലെങ്കിലും വെള്ളിയടിക്കാതെ ടോപ്പിൽ പാടാൻ ജോസഫിന് ഇന്നു കഴിയുന്നുണ്ട്. ഗായിക ശ്വേതാമോഹനൊപ്പം വരെ പാടിയിട്ടുണ്ട്. .കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പാട്ടുപാടൽ മാത്രമാക്കിയ ജോസഫ് ജോസിനെക്കുറിച്ച് ഒരു പാട്ട് പാടാൻ നിർദ്ദേശിച്ചപ്പോൾ ' സി.എ.ടി കാറ്റ്, എം.എ.ഡി മാഡ് ..." എന്ന ഹാസ്യഗാനമാണ് പാടിയത് . പാട്ട്കേട്ടാണ് എന്റെ പശുക്കളും പാൽചുരത്തുന്നതെന്ന് പറഞ്ഞു അന്ന് പി.ജെ. ചിരിച്ചിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |