അരുവാപ്പുലം: 153 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേക്ക് പ്ലാന്റേഷന്റെ ശിലാഫലകം കൗതുകമാകുന്നു. കോന്നി വനം ഡിവിഷനിലെ 300 ചതുരശ്ര മൈൽ വിസ്തൃതിയുള്ള തേക്കുപ്ലാന്റേഷന്റെ ശിലാഫലകം അരുവാപ്പുലത്തെ വനം വകുപ്പിന്റെ തടി ഡിപ്പോയ്ക്ക് സമീപമാണ്. മണ്ണിൽ പൂണ്ടുപോയ ശിലാഫലകം പിന്നീട് കണ്ടെത്തുകയായിരുന്നു.തൈകൾ നട്ടകാലം, സ്ഥലം, വിസ്തൃതി എന്നിവ ശിലാഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.1867ലാണ് കോന്നിയിലും മലയാറ്റൂരും തേക്കു പ്ലാന്റേഷനുകൾ തുടങ്ങുന്നത്.
തിരുവിതാംകൂറിലെ അദ്യ റിസർവ് വനമായികോന്നി വനമേഖലയെ 1888 ൽ കൊല്ലം പേഷ്കാർ പ്രഖ്യാപിച്ചിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന ടി.മാധവറാവുവാണ് ഇവിടെ തേക്ക് തോട്ടം സ്ഥാപിക്കാൻ തീരുമാനിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിലമ്പൂരിലെ തേക്കുതോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യംനേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്റെ നേതൃത്വത്തിൽ ടോങ്കിയ സമ്പ്രദായത്തിലൂടെ തേക്കുതൈകൾ നട്ടുപിടിപ്പിക്കുകയായിരുന്നു. തൈകൾ നട്ട ശേഷം നാലു വർഷത്തേക്ക് നെല്ലും മുതിരയും ഇടവിളയായി കൃഷി ചെയ്യാൻ കർഷകർക്ക് അനുവാദം നൽകി തേക്കുതൈകളുടെ സംരക്ഷണം ഉറപ്പാക്കുന്നതാണ് ടോങ്കിയ സമ്പ്രദായം. 1945ൽ തേക്കുകൾ തീർത്തുവെട്ട് നടത്തി 1947ൽ ആവർത്തന കൃഷിയിലൂടെ വീണ്ടും നട്ടുപിടിപ്പിച്ചു. 2009 ൽ 9 ഹെക്ടർ സ്ഥലത്തെ തേക്കുകൾ മുറിച്ചുമാറ്റിയിരുന്നു സംസ്ഥാനത്ത് നിലമ്പൂർ കഴിഞ്ഞാൽ മികച്ചതേക്കുള്ള പ്രദേശം കൂടിയാണിത്. മണ്ണിൽ പൂണ്ടുകിടന്ന ശിലാഫലകം നാല് വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി പ്രവർത്തകൻ ചിറ്റാർ ആനന്ദന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്.. തുടർന്ന് വനപാലകരും, പരിസ്ഥിതി പ്രവർത്തകരും കോന്നി ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും ചേർന്ന് അരുവാപ്പുലത്തെ വനം വകുപ്പിന്റെ തടി ഡിപ്പോയുടെ ഓഫീസിന് മുന്നിൽ മാറ്റിസ്ഥാപിക്കുകയായിരുന്നു.
-------
153 വർഷം മുമ്പ് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |