തിരുവനന്തപുരം: അഴിമതിക്കും സ്വർണക്കടത്തിനും ഒഴികെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പൂർണപിന്തുണ നൽകിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊവിഡിന്റെ പ്രാരംഭഘട്ടം മുതൽ വൺമാൻഷോ നടത്തി സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രി. പ്രതിരോധനത്തിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ സഹകരിപ്പിക്കാനോ തയ്യാറായില്ല. എങ്കിലും പ്രതിപക്ഷം പൂർണമായി സഹകരിച്ചു. സാമൂഹ്യ അടുക്കള മുതൽ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും സി.പി.എമ്മും കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്.
പ്രവാസികൾക്കായി രണ്ടര ലക്ഷം ക്വാറന്റൈൻകേന്ദ്രങ്ങളും 1,30,000 കിടക്കകളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വഞ്ചിച്ചു. പ്രവാസികളുടെ വരവ് തടയാനും ശ്രമിച്ചു. കൊവിഡ് വ്യാപനം തുടരുന്നതിനാലും 31 വരെ സമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിനാലുമാണ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളിൽ നിന്ന് കോൺഗ്രസ് പിന്മാറിയത്. ഐ.എം.എയും ആരോഗ്യവിദഗ്ദ്ധരും നൽകിയ മുന്നറിയിപ്പ് വകവയ്ക്കാതെയെടുത്ത തീരുമാനങ്ങളാണ് കൊവിഡ് പ്രതിരോധം പാളാനുള്ള കാരണം. കൊവിഡ് നിയന്ത്രണങ്ങളിൽ നട്ടം തിരിയുന്ന സാധാരണക്കാരന് ആയിരം രൂപയുടെ ഓണക്കിറ്റ് നൽകാൻ സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |