SignIn
Kerala Kaumudi Online
Thursday, 28 January 2021 1.23 PM IST

തൈക്കാട് അയ്യാഗുരു

thykkadu-ayyaguru

തൈക്കാട് അയ്യാഗുരുവിന്റെ നൂറ്റിപതിനൊന്നാമത്

സമാധി വാർഷികം ഇന്ന്

.

സാധക ഹൃദയങ്ങളിലേക്ക് ഒരു വിളക്കിൽ നിന്ന് മറ്റൊരു വിളക്കിലേക്കെന്ന പോലെ ആത്മജ്ഞാനത്തിന്റെ ദീപം പകർന്ന മഹാത്മാവായിരുന്നു തൈക്കാട് അയ്യാഗുരു. ഗൃഹസ്ഥാശ്രമിയായിരുന്നു കൊണ്ട് ഏതൊരാൾക്കും ആദ്ധ്യാത്മികതയുടെ അത്യുന്നത നിലയിലെത്താൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. ശ്രീനാരായണ ഗുരുവിനെയും ചട്ടമ്പി സ്വാമികളെയും ശാസ്ത്രവിധിപ്രകാരം യോഗവിദ്യ അഭ്യസിപ്പിച്ചതുവഴി യോഗാഭ്യാസത്തിന്റെ വിശ്വഗുരുവായി അദ്ദേഹം മാറുകയും ചെയ്തു.

വേദാന്ത പണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമ ഭക്തനുമായിരുന്ന മുത്തുക്കുമരന്റെയും രുഗ്‌മിണി അമ്മാളുടെയും മകനായി 1814ൽ ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. ബാല്യം മുതൽക്കേ ആദ്ധ്യാത്മിക മാർഗത്തിൽ അതീവ തല്പരനായിരുന്നു. തമിഴിലുള്ള വേദഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന് ശൈവ സിദ്ധാന്തത്തോടായിരുന്നു കൂടുതൽ അടുപ്പം. മാണിക്യ വാചകരുടെ 'തിരുവാചകം' എന്ന പുണ്യകൃതി ജീവിതത്തിൽ എന്നും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.

1873 ലാണ് തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിര താമസം തുടങ്ങിയതോടെ സാധാരണക്കാരും പൗര മുഖ്യന്മാരും അദ്ദേഹത്തെ ബഹുമാനപുരസരം 'തൈക്കാട് അയ്യാസ്വാമികൾ' എന്നു വിളിക്കാൻ തുടങ്ങി. പുതിയ റസിഡൻസി മാനേജരുടെ വേദാന്ത പാണ്ഡിത്യവും ആദ്ധ്യാത്മികാഭിമുഖ്യവും മനസിലാക്കിയ തിരുവിതാംകൂർ രാജ കുടുംബം അദ്ദേഹത്ത ആദരിച്ച് ബഹുമാനിക്കുകയും ചെയ്തു.

വലിയ ഒരു ശിഷ്യ സമ്പത്തുണ്ടായിട്ടും സ്വന്തമായൊരു ആശ്രമം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ശിഷ്യരെ ഒരിക്കലും ശിഷ്യഭാവത്തിൽ കണ്ടിരുന്നില്ലെന്നതാണ് അയ്യാഗുരുവിന്റെ മഹത്വം.

സമര നായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന അയ്യൻകാളിയും തൈക്കാട് അയ്യാഗുരുവിന്റെ അനുഗ്രഹാശസുകൾക്കു പാത്രമായി. നിർണായക ഘട്ടങ്ങളിലൊക്കെ തന്റെ മാർഗദർശിയായി വർത്തിച്ച തൈക്കാട് അയ്യാ ഗുരുവിനെ അയ്യൻകാളി ഏറെ ബഹുമാനിച്ചാരാധിച്ചിരുന്നു. ഇവർക്കു പുറമേ ആദ്ധ്യാത്മിക നിലയിൽ അത്യുന്നത നില പ്രാപിച്ച കൊല്ലത്തമ്മ, തക്കല പീർ മുഹമ്മദ്, പേട്ടയിൽ ഫെർണാണ്ടസ് തുടങ്ങിയവരും സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരള വർമ്മ വലിയ കോയിത്തമ്പുരാൻ, എ.ആർ. രാജരാജവർമ്മ, മനോന്മണീയം സുന്ദരംപിള്ള തുടങ്ങിയ മഹാരഥൻമാരുടെയും മാർഗ്ഗ ദർശിയായി വർത്തിച്ചതും തൈക്കാട് അയ്യാഗുരുവായിരുന്നു.

1873ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായി തിരുവനന്തപുരത്ത് അദ്ദേഹം ഔദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ മഹാരാജാക്കൻമാരുടെ കാലങ്ങളോളം ദൈർഘ്യം നിന്ന ഔദ്യോഗിക ജീവിതത്തിന് 1909ൽ 96-ാം വയസിൽ അദ്ദേഹം തന്നെ വിരാമം കുറിക്കാൻ തീരുമാനിച്ചു. രാജ സന്നിധിയിൽ ചെന്ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് താൻ ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച ''ഈ സ്ഥിതിയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാൻ'' നിശ്ചയിച്ചതായും അറിയിച്ചു.

യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴു ദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം 'കർപ്പൂര ദീപാരാധന' എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്തോത്രം ചൊല്ലി ധ്യാനത്തിലാണ്ട് ധ്യാനമുണർന്ന അയ്യാഗുരു താൻ ദർശിച്ച കർപ്പൂര ആരതിയിൽ തന്റെ ആത്മ ജ്യോതിസിനെ ലയിപ്പിച്ച് പരമാത്മാവിൽ വിലയം പ്രാപിച്ചു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാഗുരു മഹാ സമാധിയായി. തന്റെ ഇംഗിതപ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന്റെ വടക്കു കിഴക്കതിരിലാണ് അദ്ദേഹത്തിന്റെ മഹാസമാധി സ്ഥാനം. അവിടെ കൊല്ലവർഷം 1118ൽ (1943 ജൂണിൽ) ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.

(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്മീകരിച്ച 'തൈക്കാട് അയ്യാഗുരു' എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ : 9207277773.)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THYCAUD AYYA GURU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.