നാട്ടിൻപുറങ്ങളിലെ ആൽത്തറകളിലും അമ്പലപ്പറമ്പുകളിലും കൂട്ടംകൂടിയിരുന്ന് സൊറ പറഞ്ഞിരുന്ന, നാട്ടുവഴികളിൽ നടക്കാനിറങ്ങിയ വയോജനങ്ങളെ കൊവിഡ് വീട്ടിലിരുത്തി. ഒന്നും ചെയ്യാനില്ലാത്ത പകലുകളുടെ അഴികളിൽ പിടിച്ച് പലരും മനസിടറി നിൽക്കുന്നു. മുറിയിൽ നിന്ന് മുറ്റത്തേക്ക്... മുറ്റത്ത് നിന്ന് മുറിയിലേക്ക്... പകൽ, ചക്രം തേഞ്ഞൊരു ഉന്തുവണ്ടി പോലെ...
ഉറക്കത്തിന്റെ നീളം കുറയുമ്പോൾ രാത്രിയുടെ നീളം കൂടുന്നെന്ന് വിലപിച്ച വയോജനങ്ങളിൽ കൊവിഡ് കാലം ഏൽപ്പിച്ച മുറിവുകൾക്ക് വല്ലാത്ത ആഴമുണ്ട്. അവരുടെ ഏകാന്തമായ പകലുകൾക്കും ഉറക്കം പടിയിറങ്ങിപ്പോയ രാത്രികൾക്കും ഒരേ നീളമാണിപ്പോൾ.
ആലയം അടയുമ്പോൾ
ഭഗവാന് മുന്നിൽ പറഞ്ഞാൽ ശമിക്കുന്നത് , ക്രൂശിതന്റെ മുന്നിൽ കരഞ്ഞാൽ തീരുന്നത്... പള്ളി നമസ്കാരങ്ങൾ ഇല്ലാതാക്കിത്തന്ന ഭാരങ്ങൾ.... വേവലാതികളുമായി ഓടിയണഞ്ഞ ആരാധനാലയങ്ങൾക്ക് പൂട്ടു വീണപ്പോൾ പൊള്ളിയടർന്ന മനസുമായി വയോജനങ്ങൾ വീണ്ടും ഒറ്റപ്പെട്ടു മതപ്രഭാഷണങ്ങൾക്കും വേദക്ളാസുകൾക്കും ആരാധനകൾക്കും വേണ്ടി കൂട്ടം ചേർന്നിരുന്ന വയോജനങ്ങളുടെ ആശ്വാസത്തിന് കൊവിഡ് താഴിട്ടു. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കൊപ്പം ലഭിച്ചിരുന്ന സൗഹൃദക്കൂട്ടായ്മകളും കൂട്ടുകെട്ടുകളും പിരിഞ്ഞു പോയി.
ചിതറിപ്പോയ കൂട്ടായ്മകൾ
സമപ്രായക്കാരും സമാനമനസ്കരുമായുള്ള ഒത്തുചേരലുകളായിരുന്നു സീനിയർ സിറ്റിസൺ കൂട്ടായ്മകൾ. സർവീസിൽ നിന്ന് വിരമിച്ച ശേഷം പലരും വിരസത മറികടന്നിരുന്നത് ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്. പകൽ നേരത്ത് വയോജനങ്ങളിൽ ഉന്മേഷവും ഉത്സാഹവും നിറച്ചിരുന്നതും ഈ സ്നേഹക്കൂട്ടായ്മകളായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഇവ നിലച്ചത് പലരെയും ഏകാന്തതയിലേക്കും വിരസതയിലേക്കും ഡിപ്രഷനിലേക്കും തള്ളിവിട്ടു. വയോജനക്കൂട്ടായ്മകൾ ഉള്ള കാലത്ത് ഊർജസ്വലരും ഉന്മേഷമുള്ളവരുമായിരുന്ന വൃദ്ധമാതാപിതാക്കൾ മൗനത്തിലേക്ക് വഴിമാറുന്നതായി മക്കളും സങ്കടപ്പെടുന്നു.
ഫ്ളാറ്റുകളിൽ ഒറ്റപ്പെട്ടവർ
ഫ്ളാറ്റുകളിൽ താമസിക്കുന്ന വയോജനങ്ങളുടെ കാര്യം ഏറെ കഷ്ടമാണ്. പകൽനേരത്തെ കൂട്ടായ്മകൾ, സായാഹ്ന സവാരികൾ എന്നിവയായിരുന്നു അവരുടെ ജീവിതം സജീവമാക്കിയിരുന്നത്.
സമ്പൂർണ ലോക്ക് ഡൗൺ കഴിഞ്ഞതോടെ കുടുംബാംഗങ്ങളിൽ പലരും ജോലിക്ക് പോയിത്തുടങ്ങുകയും കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേക്കും പഠനത്തിരക്കുകളിലേക്കും പോവുകയും ചെയ്തതോടെ പ്രായമായവർ കൂടുതൽ ഒറ്റപ്പെട്ടു.
ജോലി എന്ന ആശ്വാസവുമില്ല
പ്രായമുണ്ടെങ്കിലും ആരോഗ്യമുള്ള കാലത്തോളം ജോലിയെടുത്തേ ജീവിക്കൂ എന്ന് വാശിയിൽ ജോലി ചെയ്യുന്ന ധാരാളം വയോജനങ്ങൾ നമുക്ക് ചുറ്റിലുമുണ്ടായിരുന്നു. പാവപ്പെട്ടവരായ ഇവരിൽ നല്ലൊരു ശതമാനത്തെയും വിഷാദം പിടിമുറുക്കി എന്നതാണ് വലിയൊരു സത്യം. ജോലിക്കായി ദിവസവും വീട്ടിൽ നിന്ന് ഉന്മേഷത്തോടെയും ഉത്സാഹത്തോടയും പുറത്തിറങ്ങിയിരുന്ന ഇവർ പെട്ടെന്നൊരു ദിവസം കൂട്ടിലടച്ച കിളികളായി. സാമ്പത്തിക സ്വാതന്ത്ര്യം കൂടി ഇല്ലാതായതോടെ വിഷാദം ഇരട്ടിച്ചു.
വേവലാതി
കൊവിഡ് കാരണം വിദേശത്ത് അകപ്പെട്ട് പോയ മക്കളെക്കുറിച്ചോർത്ത് സമാധാനം നഷ്ടപ്പെട്ട വയോജനങ്ങൾ കടുത്ത വിഷാദത്തിലേക്ക് നീങ്ങുന്നതായി മാനസികാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
പലരും രാത്രികളിൽ രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമാണ് ഉറങ്ങുന്നത്. ചിന്താഭാരം കടുത്തതോടെ രക്തസമ്മർദ്ദം അടക്കം ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചു.
വയോജനങ്ങൾ വിഷാദത്തിലേക്ക്
ഡോ. അരുൺ ബി. നായർ
സൈക്യാട്രിസ്റ്ര്
മെഡിക്കൽ കോളേജ് ,
തിരുവനന്തപുരം.
ലോക്ക് ഡൗൺ ഏർപ്പെടുത്തപ്പെട്ടതോടെ ഏറ്രവും കൂടുതൽ പ്രയാസപ്പെടുന്നത് വയോജനങ്ങളാണ്.
വിപരീത സമ്പർക്ക നിയന്ത്രണം അഥവാ റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം എന്ന നിർദേശം ഭരണകൂടവും ആരോഗ്യവിദഗ്ദ്ധരും മുന്നോട്ടുവച്ചതോടെ വയോജനങ്ങളുടെ ജീവിതത്തിൽ പെട്ടെന്നാണ് മാറ്റം വന്നത്. ജോലി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന വയോജനങ്ങൾ, സമപ്രായക്കാരുമായി സമയം ചെലവഴിക്കുകയും നടക്കാൻ പോവുകയും ചെയ്തിരുന്ന വയോജനങ്ങൾ എന്നിവരെല്ലാം വീട്ടിൽ അടച്ചിരിപ്പായി. ഇത് അവരുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രശ്നങ്ങളിൽ വ്യാപകമായത് ഉറക്കക്കുറവാണ്. വയോജനങ്ങൾ വൈകുന്നേരങ്ങളിൽ നടക്കാൻ പോകുന്നത് വ്യായാമം ഉറപ്പാക്കാൻ സഹായിച്ചിരുന്നു. ഇത് അവർക്ക് മികച്ച ഉറക്കം നല്കിയിരുന്നു. മാത്രമല്ല, സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരം സ്വയം നിർമ്മിക്കുന്ന ജീവകമായ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിച്ചിരുന്നു. വിഷാദം, ഓർമ്മക്കുറവ്, വിജ്ഞാനവിശകലനശേഷി കുറയുക, സന്ധിവേദന, നടുവേദന എന്നീ ലക്ഷണങ്ങളെല്ലാം വിറ്റാമിൻ ഡിയുടെ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്. ഈ പ്രശ്നങ്ങളും ധാരാളം വയോജനങ്ങൾക്കുണ്ട്.
വിഷാദമാണ് വയോജനങ്ങളിലെ പ്രധാന മാനസിക പ്രശ്നം. നിരാശ, ഉറക്കക്കുറവ്, ആത്മഹത്യാപ്രവണത, തുടർച്ചയായ സങ്കടം, ഒന്നും ചെയ്യാൻ താത്പര്യമില്ലായ്മ, ക്ഷീണം, വിശപ്പില്ലായ്മ, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗതക്കുറവ്, ഏകാഗ്രതക്കുറവ്, ഇവയാണ് ലക്ഷണങ്ങൾ. ഇവയിൽ അഞ്ചെണ്ണം രണ്ടാഴ്ചയിൽ ഏറെ നീണ്ടുനിന്നാൽ വിഷാദരോഗം സംശയിക്കണം.
രോഗഉത്കണ്ഠയാണ് മറ്റൊരു പ്രശ്നം. അയൽവീട്ടിൽ പോലും ആരെങ്കിലും ചുമച്ചാൽ തങ്ങൾക്ക് കൊവിഡ് വരുമോ, അതിലൂടെ മരണപ്പെടുമോ എന്ന ഭീതി വലിയൊരു ശതമാനത്തിനും ഉണ്ട്. തീവ്ര ഉത്കണ്ഠ കാരണം, ഒബ്സസീവ് കംപൾസീവ് ഡിസോർഡറും പ്രകടമാകുന്നുണ്ട്. ഇരുപത് സെക്കൻഡ് കൈകഴുകേണ്ട സ്ഥാനത്ത് മിനുട്ടുകളോളം കഴുകുക, കൂടുതൽ പ്രാവശ്യം കുളിക്കുക എന്നിവയാണ് ഒ.സി.ഡിയുടെ ലക്ഷണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |