കൊച്ചി : സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം നേടിയവരിൽ നിന്ന് അധികമായി അഞ്ചുലക്ഷം രൂപ ഈടാക്കി നിർദ്ധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനുള്ള കോർപ്പസ് ഫണ്ടിലേക്ക് മാറ്റാനുള്ള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ളവർ നൽകിയ ഒരുകൂട്ടം ഹർജികളിലാണ് സ്വാശ്രയകേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. നിയമത്തിന്റെ പിൻബലമില്ലാതെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ പണം കോർപ്പസ് ഫണ്ടിലേക്ക് മാറ്റാനുള്ള നടപടി നിയമപരമായി നിലനിൽക്കില്ല. എന്നാൽ നിയമനിർമ്മാണം നടത്തി അതിന്റെ അടിസ്ഥാനത്തിൽ ഇതു വീണ്ടും നടപ്പാക്കാൻ സർക്കാരിന് കഴിയുമെന്നും വിധിയിൽ പറയുന്നു.
2017 - 18 ൽ 15 ലക്ഷം രൂപ ട്യൂഷൻ ഫീസ് ഉണ്ടായിരുന്നിടത്ത് എൻ.ആർ.ഐ സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൂടി വാങ്ങാൻ പ്രവേശന മേൽനോട്ട - ഫീസ് നിർണയ സമിതി അനുമതി നൽകിയിരുന്നു. ഇങ്ങനെ അധികം വാങ്ങുന്നതുക നിർദ്ധന വിദ്യാർത്ഥികളുടെ പഠനത്തിനുള്ള സ്കോളർഷിപ്പായി നൽകാൻ കോർപ്പസ് ഫണ്ടിലേക്ക് മാറ്റാൻ സർക്കാരാണ് ഉത്തരവിട്ടത്. നിയമത്തിന്റെ അടിസ്ഥാനമില്ലാതെ ഉത്തരവിലൂടെ സർക്കാരിന് ഇത്തരമൊരു നയം നടപ്പാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇതെന്നും ആരോപിച്ചാണ് മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് സ്വാശ്രയകോളേജുകളിൽ പ്രവേശനം ലഭിച്ച മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കാനാണ് പദ്ധതി നടപ്പാക്കിയതെന്നും വ്യക്തമായ മാനദണ്ഡങ്ങളോടെ തിരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നതെന്നും സർക്കാർ വാദിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ഇതു റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |