വരനും വധുവിനും രോഗം
കേസെടുക്കാൻ കളക്ടറുടെ നിർദ്ദേശം
കാസർകോട്: ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ടയിലെ വീട്ടിൽ 17ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും വധുവിന്റെ പിതാവിനും ഉൾപ്പെടെയാണ് രോഗം ബാധിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി പ്രദേശം അടച്ചുപൂട്ടി.
വധുവിന്റെ പിതാവിന് വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് പനി ഉണ്ടായിരുന്നു. ബദിയടുക്ക ആശുപത്രിയിൽ ചികിത്സ തേടുകയും സ്രവം പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. വിവാഹ ദിവസമാണ് പോസിറ്റീവ് റിസൾട്ട് വന്നത്.
തുടർന്ന് കല്യാണത്തിനു ശേഷം നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് മറ്റുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു കോമ്പൗണ്ടിൽ തന്നെ നാല് വീടുകളിലായുള്ള അടുത്ത ബന്ധുക്കളും വരന്റെ ആൾക്കാരുമാണ് ചടങ്ങിൽ പങ്കെടുത്തത്. ആഡംബര വിവാഹം ആയിരുന്നില്ലെന്ന് വാർഡ് മെമ്പർ പറയുന്നു. വരൻ അടുത്ത കാലത്ത് ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയതാണ്.
അതേസമയം, കൂടുതൽ പേർക്ക് രോഗം പിടിപെട്ടതോടെ ഗൃഹനാഥനെതിരെ കേസെടുക്കാൻ കളക്ടർ നിർദ്ദേശം നൽകി. കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ ചടങ്ങ് സംഘടിപ്പിച്ചതിന് കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി. രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയാനും തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബു നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |