തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് നയതന്ത്ര ചാനൽ സ്വർണക്കടത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ നാളെ കൊച്ചിയിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യംചെയ്യുന്ന എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി മാപ്പുസാക്ഷിയാക്കാനും സാദ്ധ്യത. നിയമോപദേശം തേടിയിരിക്കുകയാണ് അന്വേഷണ ഏജൻസി.
വീടുകളും ഫ്ലാറ്റുകളും ഉൾപ്പെടെ ഗൂഢാലോചനാ കേന്ദ്രങ്ങളിൽ പ്രതികളുമായി ഒത്തുകൂടിയതും സ്വപ്നയ്ക്ക് എടുത്തുനൽകിയ ഫ്ലാറ്റ് സ്വർണക്കടത്തിന് ഒളിത്താവളമായതും മുൻകൂർ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അവിടത്തെ ദുരൂഹ ഇടപെടലുകളും പ്രതിചേർക്കാൻ വേണ്ട തെളിവുകളാണ്. വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിൽ സ്വപ്നയെ ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിയമിക്കാൻ ശുപാർശചെയ്തതും ശിവശങ്കറാണ്. പക്ഷേ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ഭീകരവിരുദ്ധ നിയമം (യു.എ.പി.എ) ചുമത്താൻ ശക്തമായ തെളിവുവേണം.
സ്വർണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്ന് ഒന്നാംപ്രതി സരിത്തിന്റെ മൊഴിയുണ്ട്. മറ്റുപ്രതികളും ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തി. എന്നാൽ മറ്റുപ്രതികളെക്കുറിച്ച് താൻ പറഞ്ഞുള്ള അറിവുമാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നതെന്നാണ് സ്വപ്നയുടെ മൊഴി. ഇത് അദ്ദേഹത്തെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് എൻ.ഐ.എ വിലയിരുത്തൽ. വിദേശത്ത് ഭീകരബന്ധമുണ്ടെന്ന് കണ്ടെത്തിയ റമീസുമായടക്കം ശിവശങ്കറിനുള്ള ബന്ധം പരിശോധിക്കുകയാണ്.
സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോൾ മറ്റുപ്രതികളുമായി സെക്രട്ടേറിയറ്റിലെത്തി ശിവശങ്കറിനെ കണ്ടെന്നാണ് സരിത്ത് പറഞ്ഞത്. സി.സി ടിവി കാമറകളിൽ ഇതിനുള്ള തെളിവുകിട്ടിയാൽ കുരുക്ക് മുറുകും. സ്വപ്നയുടെ ആറ് സിംകാർഡുകൾ, ലാപ്ടോപ് എന്നിവയിലെ വിവരങ്ങളും വീണ്ടെടുത്ത ടെലിഗ്രാം, വാട്സ്ആപ്പ് ചാറ്റുകളും നിർണായകമാണ്. ശിവശങ്കർ അറസ്റ്റിലായാൽ അത് സർക്കാരിനെയും പ്രതിരോധത്തിലാക്കും.
മാപ്പുസാക്ഷി
കുറ്റകൃത്യത്തിൽ ഗുരുതരമല്ലാത്ത പങ്കാളിത്തമുള്ള പ്രതിയെയാണ് മാപ്പുസാക്ഷിയാക്കുക. ഇയാളുടെ മൊഴി കോടതിയിൽ നിർണായകമാണ്. കോഴിക്കോട് ഇരട്ടസ്ഫോടനം, ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ്, പാനായിക്കുളം സിമി ക്യാമ്പ് കേസുകളിൽ എൻ.ഐ.എയ്ക്ക് മാപ്പുസാക്ഷിയുണ്ടായിരുന്നു. മുംബയ് ഭീകരാക്രമണക്കേസിൽ സ്ഫോടനം നടത്തേണ്ട കേന്ദ്രങ്ങളുടെ വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് നൽകിയ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ മാപ്പുസാക്ഷിയാക്കിയിരുന്നു.
സാദ്ധ്യതകൾ
1) സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ബോദ്ധ്യപ്പെട്ടാൽ പ്രതിയാക്കി അറസ്റ്റ് ചെയ്യാം. ഒത്താശചെയ്തത് ഗുരുതരകുറ്റമാണ്. വിദേശത്തെ ഇടപെടലുകൾ തെളിഞ്ഞാലും അറസ്റ്റുണ്ടാവും
2) സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവി ദുരുപയോഗം ചെയ്തെന്നു കണ്ടെത്തിയാലും പ്രതിയാക്കും. സ്വപ്നയും സരിത്തും ഓഫീസിലെത്തിയതിന് തെളിവു തേടുകയാണ്
3) പ്രതിചേർത്ത് മാപ്പുസാക്ഷിയാക്കാൻ കോടതിയിൽ അപേക്ഷ നൽകാം. നേരിട്ട് പങ്കാളിത്തമില്ലെന്നും ദുരുപയോഗിച്ചെന്നും അറിയിക്കാം. ഐ.എ.എസുകാരനെ മാപ്പുസാക്ഷിയാക്കിയാൽ കേസ് ബലപ്പെടും
4) വിദേശത്തെ പണമിടപാടുകളോ വരവിൽക്കവിഞ്ഞ സ്വത്തോ കണ്ടെത്തിയാൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കും. അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറു മാസം വരെ ജാമ്യം കിട്ടില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |