മലപ്പുറം: തിമിർത്ത് പെയ്യേണ്ട ജൂലായിലും മഴ മാറിനിന്നതോടെ, കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം മൺസൂണിൽ 25 ശതമാനത്തിന്റെ കുറവ്. 1,166 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ സംസ്ഥാനത്ത് ലഭിച്ചത് 875 മില്ലീമീറ്റർ. കോഴിക്കോട് എട്ട് ശതമാനത്തിന്റെ വർദ്ധനവൊഴിച്ചാൽ മറ്റെല്ലാ ജില്ലകളിലും മഴകുറവാണ്.
അതേസമയം ആഗസ്റ്റിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റിലെ പെരുമഴയാണ് കഴിഞ്ഞ വർഷം പ്രളയത്തിന് വഴിവച്ചത്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാത്തതിനാൽ മൺസൂൺ കാറ്റ് (പടിഞ്ഞാറൻ കാറ്റ്) ശക്തി പ്രാപിക്കാത്തതാണ് മഴക്കുറവിന് കാരണം. ഈ കാറ്റിന്റെ ശക്തിയാണ് കേരളത്തിൽ മഴയുടെ അളവ് നിശ്ചയിക്കുന്നത്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങളുടെ എണ്ണം കുറഞ്ഞു. അതേസമയം പശ്ചിമബംഗാൾ തീരത്തിനടുത്ത് കൂടുതലായും രൂപപ്പെടുകയും ബീഹാർ, യു.പി സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയുമായിരുന്നു.
വീശുന്നത് നീരാവി കുറഞ്ഞ കാറ്റ്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാത്തതിനാൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നാണ് കേരള തീരത്തേക്ക് കാറ്റു വീശുന്നത്. ഇതിൽ നീരാവിയുടെ അംശം കുറവാണ്. സമുദ്രനിരപ്പിൽ നിന്ന് ആറു കിലോമീറ്റർ ഉയരത്തിൽ വരെ വീശിയടിക്കുന്ന പടിഞ്ഞാറൻ കാറ്റിൽ നീരാവിയുടെ അംശം കൂടുതലാണ്. കാറ്റിനെ പശ്ചിമഘട്ട മലനിരകൾ തടഞ്ഞുനിറുത്തുന്നതോടെ മലയോര ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ഇക്കുറി ഇടുക്കി, വയനാട് ജില്ലകളിൽ മഴ കുറവാണ്.
ആഗസ്റ്റിൽ സാധാരണ മഴയ്ക്കോ അതിൽ കവിഞ്ഞ മഴയ്ക്കോ സാദ്ധ്യതയുണ്ട്. ജൂലായിലെ ശേഷിക്കുന്ന ദിവസങ്ങളിലും സാധാരണ മഴയാവും ലഭിക്കുക. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ടത് ജൂലായിലാണ്.
കെ. സന്തോഷ്, ഡയറക്ടർ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മൺസൂൺ മഴക്കണക്ക് മില്ലീ മീറ്ററിൽ (ജൂൺ മുതൽ)
ജില്ല......... ലഭിച്ചത്......... പ്രതീക്ഷിച്ചത് ...........ശതമാനം(കുറവ്)
തിരുവനന്തപുരം - 400.6 - 484.4 - 17
കൊല്ലം - 476.1 - 701.9 - 32
പത്തനംതിട്ട - 699.5 - 898.2 - 22
ആലപ്പുഴ - 665.9 - 968.5 - 31
ഇടുക്കി - 794.5 - 1,375 - 42
കോട്ടയം - 894.6 - 1,072 - 17
എറണാകുളം - 787.5 - 1,162 - 32
തൃശൂർ - 751 - 1,298 - 42
പാലക്കാട് - 653.3 - 861.9 - 24
മലപ്പുറം - 827.9 - 1,179 - 30
കോഴിക്കോട് - 1,658 - 1,539 - 8 (കൂടുതൽ)
വയനാട് - 647.6 - 1,166 - 55
കണ്ണൂർ - 1,580 - 1,588 - 1
കാസർകോട് - 1,639 - 1,762 - 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |