കൊച്ചി: ''ഡൽഹിയിലേക്ക് വരാൻ ആഗ്രഹമുണ്ടോ? '' ചോദ്യവുമായി ഫോണിന്റെ അങ്ങേത്തലയ്ക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.ആഹ്‌ളാദവും അമ്പരപ്പും കൊണ്ട് ഒരു നിമിഷം വാക്കുകൾ കിട്ടാതെ
മൂവാറ്റുപുഴ മടക്കത്താനം മാലിൽവീട്ടിൽ വിനായക്.
''ആഗ്രഹമുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് ചേരണം.'' വിനായകന്റെ മറുപടി.. പരിമിതമായ ജീവിതസാഹചര്യത്തോട് തോറ്റുകൊടുക്കാത്ത വിനായകിനെ കുറിച്ച് ഇന്നലെ മൻ കീ ബാത്തിൽ മോദി സൂചിപ്പിച്ചിരുന്നു.
സി.ബി.എസ്.ഇ പ്ളസ്ടു പരീക്ഷയിൽ ഇന്ത്യയിൽ കൊമേഴ്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ എസ്.സി വിഭാഗം വിദ്യാർത്ഥിയാണ് വിനായക് എം. മാലിൽ. 500ൽ 493 മാർക്ക്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇൻഫമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ നൂറിൽ നൂറും!
കൂലിപ്പണിക്കാരനാണ് അച്ഛൻ മനോജ്. അമ്മ തങ്ക വീട്ടമ്മയും.നേര്യമംഗലം നവോദയയിലായിരുന്നു ആറാം ക്ളാസ് മുതൽ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബി കോം പഠനം പൂർത്തിയാക്കി സിവിൽ സർവീസ് സ്വന്തമാക്കണമെന്നാണ് മനസിൽ.
(സംഭാഷണത്തിലെ പ്രസക്തഭാഗം. മലയാളം പരിഭാഷ)
മോദി: ഹലോ
വിനായക്: ഹലോ സർ, നമസ്‌കാരം.
മോദി: അഭിനന്ദനങ്ങൾ
വിനായക്: താങ്ക് യൂ സർ
മോദി: ആവേശം എങ്ങനെയുണ്ട്.
വിനായക്: വലിയ ആവേശത്തിലാണ് സർ
മോദി: സ്‌പോർട്‌സിൽ വല്ലതുമുണ്ടോ.
വിനായക്: ബാഡ്മിന്റൻ
മോദി: എത്ര സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്?
വിനായക് : കേരളവും തമിഴ്നാടും മാത്രം
മോദി: ഡൽഹി സന്ദർശിക്കാൻ ആഗ്രഹമുണ്ടോ?
വിനായക്: ഉണ്ട് സർ. ഉപരിപഠനത്തിന് ഡൽഹി യൂണിവേഴ്സിറ്റിയിൽ അപേക്ഷിക്കുകയാണ്.
മോദി: വാഹ്, അപ്പോൾ ഡൽഹിയിലേക്ക് വരുകയാണ്
വിനായക് : അതേ സർ
മോദി: മറ്റു വിദ്യാർത്ഥികൾക്കായി എന്തെങ്കിലും സന്ദേശം നൽകാനുണ്ടോ?
വിനായക് : കഠിനാദ്ധ്വാനവും സമയത്തെ പ്രയോജനപ്പെടുത്തലും
മോദി: കൃത്യമായ ടൈം മാനേജ്മെന്റ്
വിനായക്: അതേ സർ
മോദി: സോഷ്യൽ മീഡിയയിൽ ആക്ടീവാണോ?
വിനായക് : അല്ല, സ്കൂളിൽ അനുമതിയില്ല
മോദി: അതുകൊണ്ട് നിങ്ങൾ ഭാഗ്യവാനാണ്
വിനായക്: അതേ സർ
മോദിജി : വിനായക്, വീണ്ടും അഭിനന്ദനം. എല്ലാ ആശംസകളും
വിനായക്: നന്ദി സർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |