40 ലക്ഷം വരെ: ഒരെണ്ണത്തിന് വിദേശത്ത് വില
കൊച്ചി: വംശനാശം നേരിടുന്ന നക്ഷത്ര ആമകൾക്ക് സംരക്ഷണമേകി ചിന്നാർ മാതൃക. കള്ളക്കടത്തുകാരുടെ പിടിയിൽ നിന്ന് രക്ഷിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചിന്നാർ വനത്തിൽ സുഖ ജീവിതമൊരുക്കിയത് ആയിരത്തിലേറെ നക്ഷത്ര ആമകൾക്ക്. നക്ഷത്ര ആമകളെ വിദേശത്തു കടത്തി ഒരെണ്ണത്തിന് നാല്പത് ലക്ഷം രൂപയ്ക്ക് വരെ വിൽക്കുന്ന സംഘങ്ങളുണ്ട്.
2015ലാണ് നക്ഷത്ര ആമകളുടെ സംരക്ഷണത്തിന് മൂന്നാറിലെ ചിന്നാൽ വന്യജീവി സങ്കേതത്തിൽ സൗകര്യമൊരുങ്ങിയത്. നക്ഷത്ര ആമകൾക്ക് ജീവിക്കാൻ കഴിയുന്ന സ്വഭാവിക വനമേഖലയാണ് ചിന്നാർ. പൊലീസും, വിമാനത്താവളത്തിൽ കസ്റ്റംസുമൊക്കെ പിടികൂടുന്ന ആമകളെ വനപാലകർ ഏറ്റെടുത്ത് ചിന്നാറിലെത്തിക്കുന്നു.
400 ആമകൾ വിമാനത്താവളത്തിൽ നിന്ന് പിടികൂടി എത്തിച്ചവയാണ്. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്ന് വനം വകുപ്പ് പിടിച്ചെടുത്ത കുഞ്ഞനാണ് ഒടുവിലെത്തിയ അതിഥി.
പുനരധിവാസം ശാസ്ത്രീയം
നക്ഷത്ര ആമകളെ കൂട്ടത്തോടെ ചിന്നാറിലെത്തിച്ച് വനത്തിൽ തുറന്നു വിടുന്ന രീതിയായിരുന്നു ആദ്യം. ഇവയിൽ പലതും നാളുകൾക്കകം ചാവുന്നതു കണ്ട്, നക്ഷത്ര ആമകളുടെ ജീവിതരീതിയെക്കുറിച്ച് പഠനം നടത്തിയവരുടെ സഹായം തേടി. അവരുടെ മാർഗനിദ്ദേശപ്രകാരം ശാസ്ത്രീയ സംരക്ഷണ രീതി ഒരുക്കുകയായിരുന്നു. ഭക്ഷണത്തോടൊപ്പം വളരാൻ സാദ്ധ്യമായ അന്തരീക്ഷവും നൽകുകയാണ് ആദ്യഘട്ടം. നാലു മാസം വരെ ഇങ്ങനെ സംരക്ഷിച്ച്, വനത്തിൽ ജീവിക്കാൻ കഴിയുമെന്ന നില ഉറപ്പാക്കിയാണ് തുറന്നു വിടുന്നത്. ഒാരോന്നിനും നമ്പർ അടയാളപ്പെടുത്തി ചിന്നാർ കാടുകളിൽ നിന്ന് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നുമുണ്ട്.
അന്ധവിശ്വാസത്തിന്റെ ഇര
നക്ഷത്ര ആമകളെ സൂക്ഷിച്ചാൽ ഭാഗ്യവും സമ്പത്തും വന്നുചേരുമെന്നും ഔഷധഗുണമുള്ള ഇറച്ചി മാറാരോഗങ്ങൾ മാറ്റുമെന്നുമൊക്കെയുള്ള അന്ധവിശ്വാസം കൊണ്ടാണ് ഉയർന്ന വില കൊടുത്തും സ്വന്തമാക്കുന്നത്. തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ജോർദ്ദാൻ എന്നിവിടങ്ങളിലേക്കാണ് കൂടുതലും കടത്തുന്നത്. തമിഴ്നാട്ടിലെ വനങ്ങളിലാണ് നക്ഷത്ര ആമയെ കൂടുതൽ കാണുന്നത്.
ചിന്നാർ വനം നക്ഷത്ര ആമകൾക്ക് വളരാൻ അനുയോജ്യമാണ്. തുറന്നു വിട്ടതിന് ശേഷവും അവയുടെ സുരക്ഷ ഞങ്ങൾ ഉറപ്പാക്കുന്നു
-ആർ. ലക്ഷ്മി, വാർഡൻ,
മൂന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |