കൊവിഡ് 19 നമ്മുടെ കുട്ടികളെ ബാധിച്ചിരിക്കുന്നത് പലതരത്തിലാണ്. ഇപ്പോഴത്ത സാഹചര്യത്തിൽ കുട്ടികളെ എന്ന് സ്കൂളിൽ അയയ്ക്കാനാവുമെന്ന് പറയാനുമാവില്ല. കുട്ടികൾ വീടിനുള്ളിൽ അടച്ചിരിക്കുന്നതിൽ വിഷണ്ണരാണ്. പുറത്തിറങ്ങാനോ, നല്ല വേഷത്തിൽ സ്കൂളിൽ പോകാനോ, കൂട്ടുകാരോട് ചങ്ങാത്തത്തിനോ ടീച്ചറുമായി ക്ളാസിലിരുന്ന് പഠിക്കാനോ കഴിയാത്ത അവസ്ഥ. ഈ അവസ്ഥയിൽ ദുഃഖിതരാണ് മാതാപിതാക്കളെല്ലാം. ഏകമാർഗം ഓൺലൈൻ പഠനം മാത്രമാണ്. ഓൺലൈൻ ക്ളാസുകൾ ഫലപ്രദമായി നടത്തിയാൽക്ലാസിലിരുന്ന് പഠിക്കുന്നതുപോലെ ചിലപ്പോൾ അതിലും മെച്ചമായോ കുട്ടികളെ പഠിപ്പിക്കാനാവും .
ഈ ദുർഘടാവസ്ഥയിൽ നമ്മെ സഹായിക്കാൻ ടെക്നോളജി മാത്രമേയുള്ളൂ. തുടക്കത്തിൽ അല്പം പ്രയാസം തോന്നാം. കുട്ടികൾ ബുദ്ധിശാലികളാണ്. അവർക്ക് ഇത് നിഷ്പ്രയാസം വഴങ്ങും. അദ്ധ്യാപകർ ഇതിനകം എല്ലാം മനസിലാക്കിക്കഴിഞ്ഞു. അവർക്ക് ക്ലാസുകൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയും. രക്ഷിതാക്കളുടെ പിന്തുണയും പ്രഥമപരിഗണയും ഇതിനുണ്ടാവണം. ഇപ്പോൾ ഓൺലൈൻ ക്ളാസ് ലഭിച്ചില്ലെങ്കിൽ കുട്ടിയുടെ പഠനം അവതാളത്തിലാകുമെന്നത് മറക്കരുത്. വിക്ടേഴ്സ് ചാനലിലൂടെ പഠനം ഭംഗിയായി നടക്കുന്നു . എന്നാൽ ഒരു സ്മാർട്ട്ഫോൺകൂടി ഉണ്ടായാൽ നന്ന്. സി.ബി.എസ് .ഇ ഉൾപ്പെടെ മറ്റ് സിലബുകൾക്ക് സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഇവയെല്ലാം ഉപയോഗിക്കാം. എന്നാൽ ഏറ്റവും സൗകര്യപ്രദം ഒരു സ്മാർട്ട് ഫോൺ തന്നെയാവും. പഠനവിഷയങ്ങളിൽ കൂടുതൽ അറിവ് തേടാൻ ഇത് സഹായകമാകും. ചിലയിടങ്ങളിൽ മൊബൈൽ റെയ്ഞ്ചിന് തടസം വരാം. റെയ്ഞ്ചുള്ള സ്ഥലം കണ്ടെത്തുകയോ അതിന് മറ്റ് ഫലപ്രദമായ സഹായം തേടുകയോ മാത്രമേ നിവൃത്തിയുള്ളൂ. കുട്ടിയുടെ ക്ളാസ് നഷ്ടപ്പെടാതിരിക്കാൻ മനുഷ്യസാദ്ധ്യമായതെല്ലാം രക്ഷിതാവ് ചെയ്തേ തീരൂ. സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്ത നിർദ്ധനകുടുംബങ്ങളിലെ കുട്ടികൾക്ക് സർക്കാരിന്റേയോ ഉദാരമതികളുടേയോ സംഘടനകളുടേയോ സഹായമുണ്ടാവണം.
സ്കൂളിൽ പോകാനാവാതെ നിരാശരായിരിക്കുന്ന കുട്ടികൾക്ക് സന്തോഷം നൽകണം. കുട്ടി ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളേയും പ്രശംസിക്കണം. അവരുടെ പ്രതീക്ഷകളെ പിന്തുണയ്ക്കണം. അവർക്കുവേണ്ടി അച്ഛനമ്മമാർ സ്ഥിരമായി സമയം മാറ്റി വയ്ക്കണം. ഓൺലൈൻ പഠനത്തിന് കൃത്യമായ ടൈംടേബിളുണ്ടാവും. കൃത്യസമയത്ത് തന്നെ കുട്ടിയെ ക്ലാസ് കേൾക്കാൻ ഇരുത്തണം. ടീച്ചർ ഹാജർ എടുക്കുന്നുണ്ടാവും. ലൈവ് ക്ളാസും റെക്കോർഡഡ് വീഡിയോ ക്ളാസും നൽകുന്നുണ്ട്. ലൈവ് ക്ളാസ് ആകുമ്പോൾ കുട്ടിക്ക് ടീച്ചറോടും സംസാരിക്കാം. ടീച്ചർ പഠിപ്പിക്കുന്നത് കൃത്യമായി കുട്ടി ഗ്രഹിക്കുന്നു എന്ന് ഉറപ്പുവരുത്തണം. റെക്കാഡഡ് ക്ലാസുകൾ സബ്ജക്ട് അനുസരിച്ച് പ്രത്യേകം, പ്രത്യേകം ഫയൽ ആക്കിയിട്ടാൽ വീണ്ടും എടുത്ത് പഠിക്കാൻ സൗകര്യമാകും. നോട്ടുകൾ, ഹോം വർക്ക്, ടെസ്റ്റുകൾ ഇവ കൃത്യതയോടെ കുട്ടി ചെയ്യണം. ഓൺലൈൻ പരീക്ഷ കുട്ടി ജാഗ്രതയോടെ എഴുതണം. ഉത്തരക്കടലാസ് ഓൺലൈൻ ആയോ അല്ലാതെയോ സ്കൂളിലെത്തിക്കണം. ഉത്തരക്കടലാസ് സ്കൂളിൽ വേണ്ടിവരും. കുട്ടിയുടെ സംശയങ്ങൾ ടീച്ചറോട് ചോദിച്ച് പരിഹരിക്കണം. ടീച്ചറെ ബന്ധപ്പെട്ട് പഠനം വിലയിരുത്തണം. ടീച്ചർമാരും കുട്ടികളുമായി നല്ല ബന്ധം വേണം. ഓൺലൈൻ ക്ളാസിന്റെ പേരിന്റെ സ്മാർട്ട് ഫോണിന്റെ ദുരുപയോഗം തടയണം. ഫോണിൽ കുട്ടികൾ കാണരുതാത്ത സൈറ്റുകൾ ബ്ലോക്ക് ചെയ്താൽ നന്ന്. കുട്ടി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാവിന് കാണത്തക്ക സ്ഥലത്തായിരിക്കണം . കൗമാരക്കാർ ചിലപ്പോൾ കബളിപ്പിക്കപ്പെടാം. രാത്രി കിടപ്പുമുറിയിൽ തനിയെ ഫോൺ ഉപയോഗം ബുദ്ധിപൂർവം ഒഴിവാക്കണം.
വീട്ടിലിരിക്കുന്ന കുട്ടിയുടെ മടുപ്പ് മാറാൻ വീട് നല്ലൊരു കളിയിടം കൂടി ആക്കി മാറ്റുക. ചെറിയ കുട്ടികളുമൊത്ത് കളിക്കണം, ദിനചര്യ ചിട്ടപ്പെടുത്തണം. വ്യായാമത്തിൽ ശ്രദ്ധവേണം. രോഗപ്രതിരോധശക്തി കൂട്ടുന്ന പ്രോട്ടീനും വിറ്റാമിനുകളും ചേർന്ന ആഹാരം നൽകണം. നല്ലശീലങ്ങൾ വളർത്തണം. നല്ല പെരുമാറ്റരീതികളും സംഭാഷണവും പരിശീലിപ്പിക്കണം. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വീടിന് പുറത്തുവിടരുത്. അന്യസമ്പർക്കമേ വേണ്ട. പനി, ചുമ, വിമ്മിഷ്ടം എന്നിവ കണ്ടാലുടൻ വിദഗ്ദ്ധ വൈദ്യസഹായം തേടണം. മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്റർ അകലം പ്രധാനം. വീട്ടിൽ നിൽക്കുമ്പോഴും മൂക്കും വായും മൂടുന്ന, പതിവായി കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്ക് നിർബന്ധമാക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച്കൈകഴുകൽ, കൃത്യമായ കുളി, വൃത്തിയുള്ള വസ്ത്രം ഇവ പ്രധാനം. വെളിയിൽ ഉപയോഗിച്ച ചെരിപ്പ് വീടിന് പുറത്തുമാത്രം. അതിഥികൾ ആരും വേണ്ട.
ചെടികൾ നടുക, വീടും പരിസരവും വൃത്തിയാക്കുക, മാനസികോന്മേഷത്തിനായി പാട്ട് , നൃത്തം, പടംവരയ്ക്കൽ , ഇൻഡോർ കളികൾ, രചനകൾ ഇവയെല്ലാമാകാം. കുട്ടിയുടെ കഴിവുകളോരോന്നും കണ്ടെത്തി പരിപോഷിപ്പിക്കണം , പ്രോത്സാഹിപ്പിക്കണം.ഈശ്വരചിന്തയും, പ്രാർത്ഥനയും അനിവാര്യം. കൊവിഡ് നമ്മെ വിട്ടുപോകുമെന്നും അപ്പോൾ സന്തോഷത്തോടെ സ്കൂളിൽ പോയി പഠിക്കാമെന്നും പറഞ്ഞ് കുട്ടികളെ സമാധാനിപ്പിക്കണം. വിരസമായ മണിക്കൂറുകൾക്ക് പകരം ജാഗ്രതയായ പഠനവും, കളിയും, ചിരിയും, രസവും, തമാശയുമൊക്കെയായി കുട്ടികൾ സന്തോഷത്തോടെ കഴിയണം. രക്ഷിതാക്കൾക്കൊപ്പം അധ്യാപകരും സ്കൂളും കൂടെയുണ്ട് എന്ന വിശ്വാസം കുട്ടിയിലെ നിരാശ മാറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കും.
(അഞ്ചൽ, പുനലൂർ, തിരുവനന്തപുരം ശബരിഗിരി സ്കൂളുകളുടെ ചെയർമാനും സീനിയർ
പ്രിൻസിപ്പലുമാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |