തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകൾ പുറത്ത് വന്നിട്ടും കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖവിലയ്ക്കെടുക്കുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള ശിവശങ്കറിന്റെ അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ച് സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളാനാവില്ല.
മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് നാടകമാണ്. പ്രതികൾക്ക് സി.പി.എം ഭരിക്കുന്ന കേരളത്തിൽ നിന്നും ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിലേക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കിയ ശക്തി കേന്ദ്രത്തിലേക്കും അന്വേഷണം നീങ്ങുന്നില്ല. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെവിക്കൊള്ളുന്നില്ല.
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയാറല്ല. ഇതെല്ലാം മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തരവകുപ്പിന്റെ ആത്മാർത്ഥതയില്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |