തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പഠനത്തിനുള്ള കൺസൾട്ടൻസി കരാർ നേടിയ അമേരിക്കൻ കമ്പനി ലൂയിസ് ബർഗറിനെതിരെ വിദേശത്തു മാത്രമല്ല ഇന്ത്യയിലും ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഗോവയിൽ ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി ധനസഹായം (ജൈക) നൽകിയ 1031 കോടി രൂപയുടെ ജല, മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാർ ലഭിക്കാൻ ലൂയിസ് ബർഗർ ആറു കോടി രൂപ കോഴ നൽകിയെന്നാണ് ഒരു കേസ്. ഈ കേസിൽ മുൻ മുഖ്യമന്ത്രി ചർച്ചിൽ അലിമാവോയെയും മുൻ പൊതുമരാമത്ത് പ്രിൻസിപ്പൽ ചീഫ് എൻജിനിയർ ആനന്ദ് വാച്ച് സുന്ദറിനെയും ലൂയിസ് ബർഗറിന്റെ ഇന്ത്യയിലെ മുൻ മേധാവി സത്യകം മൊഹന്തിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഗുവാഹത്തിയിലെ മൂന്ന് ജലവിതരണ പദ്ധതികളുടെ 1,452 കോടിയുടെ കരാർ ഉറപ്പാക്കാൻ ലൂയിസ് ബർഗർ കമ്പനി അസാം അധികൃതർക്കും രാഷ്ട്രീയക്കാർക്കും 6 കോടി ഡോളർ നൽകിയെന്ന കേസും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഗുവാഹത്തി മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിട്ടിയാണ് 2010ൽ കരാർ നൽകിയത്.
2015 ജൂലായിൽ, സർക്കാർ പദ്ധതികൾ നേടാൻ നിരവധി രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി ലൂയിസ് ബർഗർ അധികൃതർ യു.എസ് കോടതിയിൽ കുറ്റസമ്മതം നടത്തുകയും കോടതി 17 ദശലക്ഷം ഡോളർ പിഴ ചുമത്തുകയും ചെയ്തതാണ്. തുടർന്ന് കമ്പനിയെ ലോകബാങ്ക് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
വിവിധ ജല വികസന പദ്ധതി കരാറുകൾക്കായി 2010ൽ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി ലൂയിസ് ബർഗറിന്റെ മുൻ സീനിയർ വൈസ് പ്രസിഡന്റ് ജെയിംസ് മക്ലംഗ് സമ്മതിച്ചിരുന്നു. ആറര കോടി രൂപ ഒരു മന്ത്രിക്ക് കൈക്കൂലി നൽകിയെന്നാണ് വെളിപ്പെടുത്തിയത്.
ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ വിദേശ കമ്പനിക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഉടമസ്ഥാവകാശ തർക്കം കാരണം പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്ന കൺസൾട്ടൻസി കമ്പനി എന്തടിസ്ഥാനത്തിലാണ് സാദ്ധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |