'എത്ര മനോഹരമാണു മഴ'എന്ന തന്റെ കവിതയിൽ വില്യം വേഡ്സ് വർത്ത്, കുതിരക്കുളമ്പടി പോലെ പുരപ്പുറത്തു വലിയ ശബ്ദത്തിൽ പെയ്യുന്ന,മഴയുടെ മനോഹാരിത വർണിക്കുന്നു. ചൂടിനും പൊടിക്കും ശേഷം പെയ്യുന്ന അത്തരം മഴയെ ആരും ഇഷ്ടപ്പെടും. എന്നാൽ മഴ തുടർച്ചയായി പെയ്തു തുടങ്ങിയാൽ പണിയെടുത്തു ജീവിക്കുന്നവർപട്ടിണിയാകും.ചോർന്നൊലിയ്ക്കുന്ന പുരകളുള്ളവർക്ക് അത് ആധിയും വ്യാധിയുമാകുന്നു.
എത്ര ഭീകരമാണു മഴ എന്നു നമ്മെക്കൊണ്ടു പറയിച്ച മഴ കേരളം കടന്നു പോയിട്ട് രണ്ടു വർഷമാകുന്നു. ഇന്നും ആ ഓർമ്മകൾ നമ്മെ നടുക്കും. മനുഷ്യ നന്മയും സ്നേഹവും കരുതലും മത്സ്യത്തൊഴിലാളികളുടെ ധൈര്യവും ത്യാഗവും എല്ലാമെല്ലാം… ചേർന്ന് നാമതു തരണം ചെയ്തു.
കുട്ടിക്കാലത്ത് ദിവസങ്ങളോളം നിന്നു പെയ്യുന്ന മഴ ഭിത്തിയിലെയും തുണികളിലെയും ഈർപ്പമായും മഴക്കാലത്തെ പനിയായും ആവി പറക്കുന്ന കരിപ്പട്ടിക്കാപ്പിയായുമൊക്കെ ഓർമ്മയിലോടിയെത്തും. മഴക്കാലം നമുക്ക് ഏറ്റവും പ്രതിരോധശേഷി കുറഞ്ഞ കാലമാണത്രേ. അതിനാൽ കർക്കടകം ആയുർവേദ മരുന്നു സേവിക്കാനായി മാറ്റിവയ്ക്കുന്ന പാരമ്പര്യവും നമുക്കുണ്ട്. ഉലുവയും പച്ചമരുന്നും ചേർത്ത കഞ്ഞിയാണ് പൊതുവെ മരുന്ന്. ഭരണികളിൽ സൂക്ഷിച്ചു കെട്ടിവച്ചിട്ടുള്ള ഉപ്പുമാങ്ങയെടുത്ത് കറിയും ചമ്മന്തിയുമുണ്ടാക്കുന്നതും 'മൂടയ്ക്കിട്ട" മധുരിക്കുന്ന ചക്കക്കുരുവെടുത്ത് മെഴുക്കുപുരട്ടി ഉണ്ടാക്കുന്നതും കർക്കടകത്തിൽ തന്നെ. കോരിച്ചൊരിയുന്ന മഴയത്ത് വിശപ്പു നന്നെ കൂടുമെന്നതും പ്രത്യേകതയാണ്. ഇലക്കറികൾ നിർബന്ധമായും ഉണ്ടാകും. ഉണങ്ങിയ കപ്പയും മുതിരയും ചേർത്ത പുഴുക്ക് ഒരു പ്രധാന ഭക്ഷണമാണ്. അവലോസു കപ്പ, ചീപ്പു കപ്പ ഇവയൊക്കെക്കൊണ്ടുള്ള വിഭവങ്ങൾ പ്രിയം തന്നെ. ചാക്കിൽ കെട്ടി വച്ചിരിക്കുന്ന വെള്ളുകപ്പ ഉരലിലിടിച്ച് കുറുക്കിയതു ചേർത്തുള്ള നല്ല ചൂടുള്ള വെള്ളമാണ് പശുവിനുള്ള പ്രത്യേക വിഭവം.
ബാല്യത്തിലെ ഇത്തരം കർക്കടക പ്രത്യേകതകളൊക്കെ പിന്നീട് ഓർമ്മയായി. കർക്കടകത്തിൽ മഴ തന്നെ പലപ്പോഴും അപ്രത്യക്ഷമായി. പെയ്ത്തു വെള്ളത്തിൽ കടലാസു തോണിയുണ്ടാക്കിക്കളിച്ചിരുന്ന ഓർമ്മകളിൽ മാത്രം അഭിരമിച്ചിരുന്ന കർക്കടകങ്ങൾ എത്രയോ കടന്നു പോയി.
മീനിന്റെ ലഭ്യതക്കുറവു കൊണ്ട് നമ്മുടെ തീരദേശം പട്ടിണിയിലാകുന്ന കാലമാണ് കർക്കടകം. പ്രകൃതിയുടെ കോപത്തെ ചെറുക്കുവാൻ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ പലതും പിൽക്കാലത്തു പ്രബലമായി.
2020 ലെ കർക്കടകം കൊവിഡ് മഹാമാരിയുടെ ഭീകരാക്രമണത്തിന്റെ പേരിലാണു നാം നാളെ ഓർമ്മിക്കുക. ലോകത്തെ വിറപ്പിക്കുന്ന ഈ മഹാമാരിയെ ചെറുക്കാൻ നാം നമ്മുടെ എല്ലാ ഊർജവും സംഭരിക്കേണ്ട സമയം.
ഈ കർക്കടകത്തിലും തുടർന്നു വരുന്ന മാസങ്ങളിലും നമുക്ക് വേണ്ടത് ജാഗ്രതയും കരുതലും കാരുണ്യവും പരസ്പര സ്നേഹവുമാണ്. രോഗം ആരുടേയും കുറ്റമല്ല. നാമോരോരുത്തർക്കും രോഗമുണ്ട് എന്നു കണക്കാക്കി നാം പെരുമാറണം- മാസ്കു ധരിക്കുന്ന കാര്യത്തിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും കഴിയുന്നത്ര പുറത്തു സഞ്ചരിക്കുന്നത് ഒഴിവാക്കുന്ന കാര്യത്തിലും. പക്ഷേ രോഗി താമസിക്കുന്ന വീട് അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ താമസിക്കുന്ന വീട് സാമൂഹ്യമായി ബഹിഷ്കരിക്കുന്നത് കാടത്തമാണ്. നമുക്ക് അവരോടു സംസാരിക്കാനും വേണ്ടതൊക്കെ എത്തിച്ചു കൊടുക്കാനും മനസ്സുണ്ടാവണം.
മൃതദേഹത്തോട് അനാദരവു കാണിക്കുന്നത് എത്ര കഷ്ടമാണ്. ഓരോ ഗ്രാമത്തിലും ഇത്തരം സാഹചര്യം ഉണ്ടായേക്കാൻ സാദ്ധ്യതയുണ്ടെന്നു കണക്കാക്കി സംസ്കാരം നടത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു നേരത്തെ തീരുമാനിച്ചുവയ്ക്കണം.
വിവാഹവും മരണാനന്തര ചടങ്ങും പത്തു പേരിൽ താഴെ ആളുകൾ മാത്രം പങ്കെടുത്തു നടത്തുന്നതാണ് ഉചിതം.
നമ്മെ മഹാപ്രളയത്തിൽ നിന്നു കരകയറ്റാൻ പാടുപെട്ട മത്സ്യത്തൊഴിലാളികൾ വസിക്കുന്ന തീരമേഖല പട്ടിണിയിലാകാതെ നാം നോക്കേണ്ടതുണ്ട്. അവിടെ . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സമൂഹം മുഴുവനായും ഏറ്റെടുത്തു നടത്തേണ്ടതാണ്. തീരത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കിക്കൊണ്ട് ഓൺലൈനായി കടലിൽ നിന്നു തന്നെ പിടിക്കുന്ന മത്സ്യം വാങ്ങുന്നതിനും ഓൺലൈനായി ജനങ്ങൾക്കു വിൽക്കുന്നതിനും സാധിക്കണം.
ഇപ്പോൾ തന്നെ പലിശയ്ക്കു പണം വാങ്ങി നിത്യവൃത്തി നടത്തി കടക്കെണിയിലേക്കു കുടുംബങ്ങൾ പലതും നീങ്ങിത്തുടങ്ങി. ഇതിനൊരു മാറ്റം വരണം. ഈ കർക്കടകം പരസ്പരം കരുതലിനുള്ള സമയമായി മാറട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |