തെക്കോട്ടു നോക്കുന്ന വീടുകളെപ്പറ്റിയാണ് പറയുന്നത്. ഏറെ ശ്രദ്ധിച്ചു ചെയ്യേണ്ട കുറേ കാര്യങ്ങളുണ്ട്. തെക്ക്പടിഞ്ഞാറ് തുറന്നിടരുത് എന്നുള്ളതാണ് അതിൽ ഏറ്റവും പ്രധാനം. തെക്കു ദിശയിൽ ഏറ്റവും ശക്തമായ ഊർജപ്രസരണം ഉണ്ടാകുന്ന മേഖല തെക്കുപടിഞ്ഞാറാണ്. തെക്കുപടിഞ്ഞാറുമൂലയെ മൃത്യുമൂലയെന്നും നിര്യതി മൂലയെന്നും വിളിക്കാറുണ്ട്. ആ മൃത്യുമൂലയെ ശരിയായി സജ്ജമാക്കിയില്ലെങ്കിൽ പേരു പോലെ തന്നെ പ്രതിസന്ധികൾ ഉണ്ടാകും.
തെക്ക് പടിഞ്ഞാറ് പുറത്തേയ്ക്കുളള വാതിലോ സിറ്റൗട്ടോ പ്രധാന വാതിലോ യാതൊരു കാരണവശാലും വരാൻ പാടില്ല. പൂർണമായും അടഞ്ഞുകിടക്കേണ്ട, കുഴികളില്ലാത്ത തള്ളി നിൽക്കാത്ത വിധമായിരിക്കണം തെക്കുപടിഞ്ഞാറു ഭാഗത്തെ പരിഗണിക്കേണ്ടത്. റോഡ് കയറിവരുന്നതിനാൽ ചിലർ വീടിന്റെ മോഡലിനായി കന്നിയിൽ അപൂർണ മാതൃകകൾ ഒരുക്കാറുമുണ്ട്. അതും പാടില്ല. വീടിന്റെ തെക്കുപടിഞ്ഞാറ് ഭിത്തി കൃത്യം 90 ഡിഗ്രിയിൽ ചേർന്നു വരണം. ഇവിടെ സ്വീകരണമുറിയോ തുറന്നുകിടക്കുന്ന കോർട്ട് യാർഡോ പാടില്ല. വീടിന്റെ മൊത്തത്തിലുളള പുരോഗതിയെ ബാധിക്കുന്ന രീതിയിലുള്ള ഫലങ്ങളുണ്ടായേക്കാം. നമ്മുടെ അനുഭവങ്ങൾ ശരിയല്ലെങ്കിൽ അഥവാ പ്രതിസന്ധികൾ തുടർച്ചയായി ഉണ്ടാകുന്നുണ്ടെങ്കിൽ പ്രശ്നം ഉടനെ പരിഹരിക്കണം. അവിടെ പൂജാമുറിയോ അടുക്കളയോ കുളിമുറിയോ ടോയ് ലറ്റോ ഒന്നും വരാനും പാടില്ല. വീട്ടിലെ മാസ്റ്റർ ബെഡ്റൂം അഥവാ ഗൃഹനാഥനും ഗൃഹനാഥയും കിടക്കേണ്ട സ്ഥലമാണിവിടം. കുട്ടികൾ കിടക്കാനും പാടില്ല. കുട്ടികൾ ഇവിടെ കിടന്നാൽ അവർ മുതിർന്നവരെ ഭരിക്കും. മാസ്റ്റർ ബെഡ്റൂം ഉണ്ടാക്കുകയും അവിടെ മൂലയോട് ചേർന്ന് വലിയ വാതിലും ജനാലയും സ്ഥാപിക്കുന്നതും ധാരാളം കണ്ടിട്ടുണ്ട്. അതും പ്രതിസന്ധി ഉണ്ടാക്കും. എല്ലാത്തരത്തിലും വീട് മോശം അവസ്ഥയിലേക്ക് വലിച്ചിഴയ്ക്കപ്പെടാം. തെക്കുപടിഞ്ഞാറെ മൂലയിലെ ഭിത്തിയും തെക്കുപടിഞ്ഞാറു വരുന്ന മതിൽ ഭാഗവും പാറ കൊണ്ട് കെട്ടിയാൽ അത്യുത്തമമായിരിക്കും. മൃത്യുവിന് സമാനമായ അതിശക്തമായ ഊർജപ്രവാഹത്തെ തടയാനും ഏറ്റവും അനുകൂലമായ ഊർജപ്രവാഹമൊരുക്കാനുമാണിത്.
മറ്റുവഴികളൊന്നുമില്ലെങ്കിൽ തെക്കും പടിഞ്ഞാറും ചേർന്നുവരുന്ന കൃത്യം കന്നിയെങ്കിലും അടച്ചിട്ടുവേണം വഴിയിടാൻ. തെക്കുപടിഞ്ഞാറ് വഴിവന്നു ചേർന്നു പോകുന്നെങ്കിൽ വലിയ മതിൽ കെട്ടി റോഡിൽ നിന്നുവരുന്ന നോട്ടവും ഒഴിവാക്കണം. തെക്കോട്ടു നോക്കുന്ന വീട്ടിലെ റോഡ് കൃത്യം തെക്ക് പോകുകയും അത് തെക്ക് കിഴക്കോട്ടും തെക്ക് പടിഞ്ഞാറോട്ടും പോകുകയാണെങ്കിൽ യാതൊരു കാരണവശാലും വസ്തുവിന്റെ കിഴക്കേമൂല തള്ളി നിൽക്കുകയോ കോണാകൃതിയിൽ മാറുകയോ ചെയ്യരുത്. ഇങ്ങനെ റോഡുവന്നാൽ സൗകര്യമുള്ളവർ തെക്ക് പടിഞ്ഞാറായി അധിക നിർമ്മാണങ്ങൾ നടത്തുന്നത് നല്ലതാണ്. കടകൾ നിർമ്മിക്കുകയും ഇവിടെ വ്യാപാരങ്ങൾ നടത്തുകയും ചെയ്യുന്നത് വാസ്തു ദോഷത്തെ കൂട്ടുന്നതിനൊപ്പം വരുമാന വർദ്ധനവും ഉണ്ടാക്കും. നേർതെക്കുവശത്തു നിന്നു തന്നെ റോഡിൽ നിന്ന് വസ്തുവിലേയ്ക്ക് കയറാനും കഴിയണം.
(തെക്ക് ഭാഗം നോക്കുന്ന വീടുകളിൽ
തെക്കുകിഴക്കുള്ളവയെക്കുറിച്ച്
അടുത്ത ആഴ്ച)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |