സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയില്ലെങ്കിലും ഏത് പാട്ടും അതിമനോഹരമായി ആലപിക്കാൻ വയനാട് സ്വദേശി രേണുകയ്ക്ക് പ്രത്യേക കഴിവുണ്ട്. മാനന്തവാടി കോൺവെന്റ് കുന്ന് പണിയ കോളനിയിലെ മണിയുടെയും രമ്യയുടെയും മൂത്ത മകൾ രേണുകയുടെ തങ്കത്തോണി, രാജഹംസമേ എന്നീ ഗാനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായത്. രേണുകയുടെ ആലാപനം കേട്ട് സൂപ്പർ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തും വയനാട്ടുകാരനുമായ മിഥുൻ മാനുവൽ തോമസ് തന്റെ അടുത്ത പടത്തിൽ രേണുകയെ പാടാൻ ക്ഷണിച്ചിരിക്കുകയാണ്.രേണുകയെ സൗജന്യമായി സംഗീതം അഭ്യസിപ്പിക്കാനായി മാനന്തവാടിയിലെ ശ്രീരഞ്ജിനി മ്യൂസിക്ക് സ്കൂളും തയ്യാറായി.
സംഗീതാദ്ധ്യാപകൻ തോമസ് കുഴിനിലമാണ് രേണുകയെ സംഗീതം അഭ്യസിപ്പിക്കുന്നത്. അരക്കുതാഴെ തളർന്ന് വർഷങ്ങളായി കിടപ്പിലായ മണി നല്ലൊരു ഗായകനാണെന്ന് വയനാട്ടിലെ സംഗീജ്ഞൻ ജോർജ്ജ് കോരയെ ആരോ അറിയിച്ചു. മണിയുടെ പാട്ട് കേട്ടാണ് രേണുക പാട്ട് പഠിച്ചതും. എൽസ മീഡിയ എന്ന ഫെയ്സ് ബുക്ക് പേജിലേക്ക് വേണ്ടി മണിയെ തേടിയെത്തിയ കോരയെ പക്ഷേ മകൾ രേണുകയുടെ സംഗീതത്തിലെ അപാരമായ കഴിവാണ് അത്ഭുതപ്പെടുത്തിയത്. അങ്ങനെ 'തങ്കത്തോണി തെൻമലയോരം..." എന്ന ആ ഒറ്റ ഗാനം കൊണ്ട് തന്നെ രേണുകയെന്ന പത്താം ക്ളാസുകാരി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.ജൂലായ് രണ്ടിന് പോസ്റ്റ് ചെയ്ത രേണുകയുടെ വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലേറെപ്പേരെയാണ് ആകർഷിച്ചത്.പിന്നീട് 'രാജഹംസമേ...."എന്ന ഗാനവും രേണുക പാടി. അതും ശ്രദ്ധിക്കപ്പെട്ടു. രേണുക പാടിയ രാജഹംസമെ എന്ന ഗാനവും മിഥുൻ മാനുവൽ തോമസ് ഷെയർ ചെയ്യുകയും ചെയ്തു.
പാട്ടിന്റെ ശാസ്ത്രീയ പാഠങ്ങളൊന്നും അറിയാത്ത പെൺകുട്ടി ഏവരെയും വെല്ലുന്ന തരത്തിൽ പാടിയപ്പോൾ അതൊരു മനോഹര വിരുന്നായി മാറി. കൂലിപ്പണിക്കാരനാണ് മണി.പത്ത് വർഷം മുമ്പ് ഒരു ദിവസം പണി ചെയ്ത് വീട്ടിലെത്തിയപ്പോൾ കാലിന്റെ അടിയിൽ നിന്നൊരു തരിപ്പ്.ആശുപത്രിയിൽ പോയി. പക്ഷേ അതോടെ മണിയുടെ ചലനശേഷി ഇല്ലാതായി. കൂട്ടിരിപ്പും വീട്ടിലെ ദാരിദ്ര്യവും ഒാർത്ത് തുടർ ചികിത്സ നടത്തിയില്ല. ഭാര്യ രമ്യ കൂലിപ്പണിക്ക് പോയി.മണി വീട്ടിലുമായി. മണി കിടപ്പിലായതോടെ രണ്ടുമക്കളെ വളർത്താൻ ഏറെ ബുദ്ധിമുട്ടി.ഇതിനിടെ പല നാട്ടുചികിത്സകളും നടത്തി.പതുക്കെ വടി കുത്തി നടക്കാൻ പറ്റുമെന്ന അവസ്ഥയായപ്പോൾ ലോട്ടറി വിൽക്കാനായി മണി റോഡിലിറങ്ങി. അപ്പോഴാണ് ബസിന്റെ അടിയിൽപ്പെട്ട് മണിയുടെ മൂന്ന് വാരിയെല്ലുകൾ തകർന്നത്. ഇതോടെ ഇവരുടെ അവസ്ഥ ഒന്നുകൂടി പരുങ്ങലിലായി.
ഷീറ്റ് കൊണ്ട് മറച്ച ഒരു ഷെഡ്.അതാണ് ഇവരുടെ വീട്. ചെറിയൊരു കാറ്റടിച്ചാൽ ഷീറ്റ് പറന്ന് പോകും.മാനന്തവാടി എൽ.എഫ്.യു.പിയിലെ അഞ്ചാംതരം വിദ്യാർത്ഥിനി രത്നയാണ് രേണുകയുടെ അനുജത്തി.അനുമോദനങ്ങൾ അറിയിച്ച് കൊണ്ട് രേണുകയുടെ കൂരയിലേക്ക് ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക നേതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. മണിക്ക് പയ്യമ്പളളിയിൽ സർക്കാർ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ട്. പക്ഷേ മാനന്തവാടിയിൽ നിന്ന് അവിടെ ചെന്ന് താമസിക്കാൻ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഒന്നാമത്തെയാളാണ് മണി.ആരെങ്കിലും വീട് വച്ച് നൽകാൻ സഹായം നൽകുകയാണെങ്കിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിനടത്ത് തന്നെ വീട് വച്ച് നൽകാൻ തയ്യാറാണെന്ന് നഗരസഭാ വാർഡ് കൗൺസിലറും മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സണുമായ ശോഭാ രാജൻ പറഞ്ഞു.
(രേണുകയുടെ നമ്പർ:7306072871)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |