തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങൾ.
1. 50 മാസമായി പ്രിൻസിപ്പൽ സെക്രട്ടറിയായി നിഴൽ പോലെ കൂടെയുണ്ടായിരുന്നിട്ടും എം.ശിവശങ്കറിന് സ്വർണക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടെന്ന കാര്യം മുഖ്യമന്ത്രി അറിയാതെ പോയതാണോ,അറിഞ്ഞിട്ടും കണ്ണടച്ചതാണോ?.
2. സ്വന്തം ഓഫീസിൽ നടക്കുന്നതൊന്നും അറിയുന്നില്ലേ?.
3. ഒരുമന്ത്രി വിദേശ കോൺസുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുന്നത് അറിഞ്ഞില്ലേ?.
4. ശിവശങ്കറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കോടികളുടെ കൺസൾട്ടൻസി ഏർപ്പാടുകളും സ്പ്രിൻക്ലർ കരാർ പോലുള്ള അന്താരാഷ്ട്ര ഏർപ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും എന്തിനാണ് അവയെ ന്യായീകരിച്ചത്? .
5. കൺസൾട്ടൻസി തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും ഉൾപ്പടെയുള്ള അഴിമതികൾ സി.ബി.ഐ അന്വേഷിക്കുന്നതിനെ ഭയക്കുന്നതെന്തിന്?.
6. വിദേശ കോൺസുലേറ്റ് മറയാക്കി മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സ്വർണക്കടത്ത് നടന്നിട്ടും രഹസ്യാന്വേഷണ ഏജൻസികൾ അറിയാതിരുന്നതാണോ, അതോ അവരുടെ വായ് മൂടിക്കെട്ടിയതോ?.
7. കോൺസുലേറ്റ് വഴി സ്വർണം കടത്തുന്നുവെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നോ?.
8. വിദേശ കുത്തകകൾക്ക് ലക്കും ലഗാനുമില്ലാതെ കൺസൾട്ടൻസി നൽകുന്നതുൾപ്പടെ സംസ്ഥാനത്തെ
ഇടതുസർക്കാർ സി.പി.എമ്മിന്റെ പ്രഖ്യാപിതനയങ്ങളിൽ നിന്ന് വ്യതിചലിച്ചതിനെപ്പറ്റി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നല്കിയ കത്തിന് മറുപടി നൽകുന്നതിൽ നിന്ന് പാർട്ടി കേന്ദ്ര കമ്മിറ്റിയെ തടഞ്ഞതെന്തിന്?.
9. രാജ്യദ്രോഹക്കുറ്റം വരെ ആരോപിക്കപ്പെടുന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അത്യപൂർവ സാഹചര്യമുണ്ടായിട്ടും ചർച്ച ചെയ്യാൻ ഇടതു മുന്നണി യോഗം ചേരുന്നത് തടസ്സപ്പെടുത്തുന്നതെന്തിന്?.
10.ഉറക്കമിളച്ചിരുന്ന് പഠിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരെ വിഢ്ഢികളാക്കി, പിൻവാതിലിലൂടെ യാതൊരു വിദ്യാഭ്യാസ യോഗ്യതയുമില്ലാത്തവർ സർക്കാർ സർവീസിൽ ഉന്നത ഉദ്യോഗങ്ങൾ തട്ടിയെടുത്തിട്ടും അന്വേഷിക്കാൻ തയ്യാറാവാത്തത് എന്തുകൊണ്ട്?.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |