തിരുവനന്തപുരം:ഗേറ്റിൽ റിസപ്ഷൻ ചുമതലയുള്ള എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊലീസ് ആസ്ഥാനം അണുനശീകരണത്തിനായി രണ്ട് ദിവസത്തേക്ക് അടച്ചു. ഡി.ജി.പിയുടേതടക്കം രണ്ട് കൺട്രോൾ റൂമുകൾ മാത്രം മൂന്നിലൊന്ന് ജീവനക്കാരുമായി പ്രവർത്തിക്കും.ഡി. ജി. പിയടക്കം മുതിർന്ന ഉദ്യോഗസ്ഥർ വീടുകളിലിരുന്ന് ജോലി ചെയ്യും. 40 ജീവനക്കാരുള്ള സംസ്ഥാന കൺട്രോൾ റൂമിലും മൂന്നിലൊന്ന് ജീവനക്കാർ മാത്രം.
എങ്കിലും ക്രമസമാധാന മേൽനോട്ടത്തിലും ജനങ്ങൾക്ക് സേവനമെത്തിക്കുന്നതിലും കുറവുണ്ടാവില്ല. തിങ്കളാഴ്ച മുതൽ ആസ്ഥാനം സാധാരണ നിലയിലാകും.
കാട്ടാക്കട സ്വദേശിയായ എസ്.ഐക്കാണ് ഇന്നലെ രോഗം കണ്ടത്. പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇദ്ദേഹവുമായി ഇടപഴകിയവരെ ക്വാറന്റൈനിലാക്കി. പൊലീസ് ആസ്ഥാനത്തെ എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. എസ്.പിയടക്കം ഏഴ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലാണ്.
തിരുവനന്തപുരം സിറ്റിയിലെ രണ്ട് ഹോട്ടലുകളും കൊല്ലത്ത് ബാർഹോട്ടലും, കൊട്ടാരക്കരയിൽ ജൂബിലി മന്ദിരവും പൊലീസിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി.
ക്വാറന്റൈനിലുള്ളവർക്ക് എ.ആർ ക്യാമ്പുകളിൽ നിന്ന് ഭക്ഷണമെത്തിക്കും. അവരുടെ വീടുകളിൽ പൊലീസ് വെൽഫെയർ ബ്യൂറോ സഹായമെത്തിക്കും. ക്വാറന്റൈൻ കാലാവധി ഡ്യൂട്ടിയായി പരിഗണിക്കും. കൊവിഡ് പരിശോധനയും ക്വാറന്റൈനും എസ്.എച്ച്.ഒമാർ തീരുമാനിക്കും. സ്റ്റേഷനുകളിലെ സാഹചര്യമനുസരിച്ച് പരിശോധിക്കേണ്ടവരുടെ പട്ടിക ആരോഗ്യവകുപ്പിന് നൽകണം. ജില്ലകളിൽ വെൽഫെയർ ഓഫീസറായി ഡിവൈ.എസ്.പിയെ നിയോഗിച്ചിട്ടുണ്ട്.
25,000 പൊലീസുകാരെ പരിശോധിക്കും
രോഗ പ്രതിരോധ രംഗത്തുള്ള 25,000 പൊലീസുകാർക്ക് കൊവിഡ് പരിശോധന നടത്തും. ജില്ലകളിൽ ദിവസം 160 പേർക്കു വീതമാണ് പരിശോധന. 12 ജില്ലകളിൽ ആയിരം പൊലീസുകാരെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർക്കും രോഗികളുമായി പ്രാഥമിക സമ്പർക്കം ഉണ്ടായവർക്കും ആന്റിജൻ, പി.സി.ആർ പരിശോധന. കണ്ടെയ്ൻമെന്റ് സോണുകളിൽ ഡ്യൂട്ടിയെടുത്തവർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ആന്റിബോഡി പരിശോധന. ഹിന്ദുസ്ഥാൻ ലാറ്റക്‌സിലെ ടെക്നീഷ്യന്മാരാണ് പരിശോധിക്കുക. ഒരു പരിശോധനയ്‌ക്ക് 500 രൂപ നൽകാൻ ധാരണയുണ്ടാക്കി. തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പൊലീസിന് കൊവിഡ് പരിശോധന നടത്തും.
സ്വന്തം കാര്യത്തിലും ഉഴപ്പ്
സേനാംഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ കൊവിഡ് മാനേജ്മെന്റ് കമ്മിറ്റികളുണ്ടാക്കാൻ ഡി. ജി. പി ലോക്‌നാഥ് ബെഹറ പലവട്ടം നിർദ്ദേശിച്ചിട്ടും പതിനെട്ട് പൊലീസ് ജില്ലകളിൽ എട്ടിടത്ത് അനക്കമില്ല. ഒരുലക്ഷം രൂപയും അനുവദിച്ചിരുന്നു. ലോഡ്ജുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് പൊലീസ് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാനുള്ള നിർദ്ദേശങ്ങളും എല്ലായിടത്തും നടപ്പാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |