SignIn
Kerala Kaumudi Online
Wednesday, 09 July 2025 4.46 PM IST

'ഒരു പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിതാൽ സന്തുഷ്‌ടനാവുന്നവനല്ല ഹൈന്ദവ ധർമ്മത്തിലെ ശ്രീരാമൻ': വിമർശനവുമായി ടി.എൻ പ്രതാപൻ

Increase Font Size Decrease Font Size Print Page

prathapan

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലൂടെ പുലരാൻ പോകുന്നത് മതമോ വിശ്വാസമോ അല്ല, പകരം രാഷ്ട്രീയവും വിദ്വേഷവുമാണെന്ന് ടി.എൻ പ്രതാപൻ എം.പി. ഒരു പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിതാൽ സന്തുഷ്ടനാവുന്നവനല്ല ഹൈന്ദവ ധർമ്മത്തിലെ ശ്രീരാമനെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു. സംഘപരിവാർ സ്‌പോൺസർ ചെയ്യുന്ന മത രാഷ്ട്രീയ ഇവന്റിന് പോയില്ലെങ്കിൽ കോൺഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'ഈ ക്ഷേത്രത്തിന് തറക്കല്ലിടാൻ വിളിച്ചില്ല എന്ന് പരിതപിച്ചവരോടാണ്, കോൺഗ്രസ് അതിന് പറ്റിയ ഇടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റുകൾ സംഭവിക്കുമ്പോൾ അത് അംഗീകരിച്ച് തിരുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. കോൺഗ്രസുകാർക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവർക്കറും ഗോഡ്സേയുമല്ല'യെന്നും ടി.എൻ പ്രതാപൻ പറയുന്നു. കമൽനാഥ് അടക്കമുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കൾ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതാപൻ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങൾ ഇല്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിന്റെയും പിന്നിൽ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതിൽ വെച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിൻബലമുള്ളതുമായ സംഘപരിവാറായിരുന്നു. ഗാന്ധി വധത്തെ അവർ പലരൂപത്തിൽ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്. ഇപ്പോൾ കേരളത്തിലെ ബി ജെ പി നേതാക്കൾ വരെ പരസ്യമായി അത് പറഞ്ഞുതുടങ്ങി. നാഥൂറാം വിനായക ഗോഡ്‌സെ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദിയെ പൂവിട്ട് പൂജിക്കുന്നവർ സർവ്വ ത്യാഗിയായ ശ്രീരാമ ദേവനെ സംഹാരത്തിന്റെ പ്രതിരൂപമായി അവതരിപ്പിച്ചത് എന്തിനായിരിക്കും?

തന്റെ ഭരണത്തിന് കീഴിലെ സർവ്വരും സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിച്ച രാമനെ ഒരു ഉന്മൂലന- വംശഹത്യാ പദ്ധതിയുടെ പ്രതീകമാക്കിയത്, ഹൈന്ദവ സംസ്കാരത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത്, നന്മയും അഹിംസയും ബഹുസ്വരതയും പുലരുന്ന 'രാമരാജ്യം' ആഗ്രഹിച്ച മഹാത്മാ ഗാന്ധിജിയെ വെടിവെച്ചുകൊന്നത് എല്ലാം എങ്ങനെയാണ് നാം പൊറുത്തുകൊടുക്കുക? ഒരു മതേതര രാജ്യത്ത് ഒരുവിഭാഗം ആളുകൾ ആരാധന നിർവ്വഹിച്ചുപോന്ന ഇടം വേറെയൊരു കൂട്ടർ ബലംപ്രയോഗിച്ച് നശിപ്പിക്കുകയും അവരുടെ ആരാധനാലയം പണിയുകയും ചെയ്യുന്നത് എങ്ങനെയാണ് ഭാരതത്തിന്റെ ആത്മാവിന് ഉൾകൊള്ളാൻ കഴിയുക?

ഇന്ത്യയുടെ മതേതര പൊതുബോധം ഇതെങ്ങനെയാണ് അംഗീകരിക്കുക? അയോധ്യാ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനർത്ഥം, ബാബരി മസ്ജിദ് തകർത്തതിനെ അംഗീകരിക്കുന്നു എന്നാണോ? ആവരുത്. അവിടെ ഹിന്ദുത്വ ഭീകരത ശ്രീരാമന്റെ പേരിൽ ഒരു ക്ഷേത്രം പടുക്കുമ്പോൾ മതേതര വിശ്വാസികൾ പോയിട്ട് ഹൈന്ദവ വിശ്വാസികൾ തന്നെ എങ്ങനെ അത് അംഗീകരിക്കുമെന്നാണ് കരുതുന്നത്? ഒരു പള്ളി പൊളിച്ചിട്ട് ഒരു ക്ഷേത്രം പണിതാൽ സന്തുഷ്ടനാവുന്നവനല്ല ഹൈന്ദവ ധർമ്മത്തിലെ ശ്രീരാമൻ; പകരം ഈ സംഘപരിവാർ നാടകങ്ങൾ നോക്കി കോപിക്കുകയും അവരുടെ വിധ്വേഷ രാഷ്ട്രീയത്തെ ശപിക്കുകയുമാണ് ചെയ്യുക.

ബാബരി മസ്ജിദിൽ വിഗ്രഹം കൊണ്ടുവന്ന് വെച്ചത് തെറ്റ്, അത് പൊളിച്ചത് വലിയ തെറ്റ് എന്നിങ്ങനെയാണ് സുപ്രീം കോടതി വിധി നീണ്ടത്. ഒടുവിൽ പള്ളി ഇരുന്നിടത്ത് ക്ഷേത്രം പണിയാമെന്ന് ഉപസംഹാരവും. പരമോന്നത നീതി പീഠം വിധിപുറപ്പെടീച്ചാൽ വിയോജിപ്പുകളുണ്ടെങ്കിലും അത് മാനിക്കാനുള്ള മര്യാദ ഇവിടത്തെ ജനാധിപത്യ മതേതര വിശ്വാസികൾക്കുണ്ട്. എന്നുകരുതി, ബാബരി ധ്വംസനം മറക്കണമെന്നോ, അതേ തുടർന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങൾ ഓർക്കാതിരിക്കണമെന്നോ ആരും നിഷ്കളങ്കപ്പെടരുത്. അയോധ്യയിൽ രാമജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങൾ വേറെയുമുണ്ട്. മത പാരസ്പര്യത്തിന്റെ സന്ദേശമുയർത്തുന്ന ആ ദേവാലയങ്ങൾക്കുള്ള പുണ്യമൊന്നും സംഘപരിവാർ പണിയാൻപോകുന്ന ക്ഷേത്രത്തിന് ഇല്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്ട്രീയവും വിധ്വേഷവുമാണ്. അത് മതേതര വിശ്വാസികളായ ഹിന്ദു ഭക്തർ തന്നെ ആദ്യം തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.

ഈ ക്ഷേത്രത്തിന് തറക്കല്ലിടാൻ വിളിച്ചില്ല എന്ന് പരിതപിക്കുന്നവരോടാണ്, കോൺഗ്രസ് അതിന് പറ്റിയ ഇടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റുകൾ സംഭവിക്കുമ്പോൾ അത് അംഗീകരിച്ച് അത് തിരുത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കേണ്ടത്. തോൽക്കുന്നതിലല്ല പ്രശ്നം, ജയിക്കാൻ വേണ്ടി തരം താഴുന്നിടത്താണ്. കോൺഗ്രെസ്സുകാർക്ക് മാതൃക നെഹ്‌റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവർക്കറും ഗോഡ്‌സേയുമല്ല. സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കിൽ കോൺഗ്രസ്സിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല.

ഭൂതകാലത്തിൽ വന്നുപോയ പിഴവുകൾ കണ്ടെത്തി ചങ്കുറപ്പോടെ തലയുയർത്തി നടക്കാനാവണം. "തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് വന്നാലും സത്യം പറയാതിരിക്കില്ല" എന്ന് ഉറപ്പിക്കുന്ന രാഹുൽ ഗാന്ധി തന്നെ നമുക്ക് മാതൃകയല്ലേ? കോൺഗ്രസിന് വലുത് മൂല്യങ്ങളാണെന്ന് മറക്കരുത്. അധികാരത്തിന് വേണ്ടി എന്തുമാവാം എന്നാണെങ്കിൽ അത് കോൺഗ്രസിൽ നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുത്. ഇന്ത്യക്ക് ഹൈന്ദവതയും ഇസ്ലാമും ക്രിസ്തുമതവും സിഖ് മതവും തുടങ്ങി എല്ലാ മതങ്ങളും വേണമെന്നാകിലും ഈ പറഞ്ഞ ഒരു മതത്തിന്റെ പേരിലും നടക്കുന്ന ഒരു തരം ഭീകരതയും നല്ലതല്ല. അത് കാലമത്രയും ഈ ഭൂമിയെ മരുഭൂമിയാക്കുകയേ ചെയ്തിട്ടുള്ളൂ.

#BabariDemolition #RamMandir

TAGS: TN PRATHAPAN FB POST, AYODHYA CASE, RAM-MANDIR-BHOOMI-PUJAN-IQBAL-ANSARI-AYODHYA-DISPUTE-LITIGANT-GETS-INVITATION, KAMAL NATH, T N PRATHAPAN;
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.