SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.05 PM IST

സ്വർണക്കടത്ത് കേസ്, സി.പി.എം അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നു; കെ.സുരേന്ദ്രൻ

Increase Font Size Decrease Font Size Print Page
pic

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നയതന്ത്ര ബാഗേജ് എന്ന വാദം ആവർത്തിച്ച് ഉന്നയിക്കുന്നത് കേസ് അന്വേഷണം വഴിതെറ്റിക്കാനാണ്. കേസിലെ മുഖ്യപ്രതികളുടെ വാദം തന്നെയാണ് തോമസ് ഐസക് അടക്കമുള്ളവർ ഉന്നയിക്കുന്നത്. എൻ.ഐ.എയുടെ വാർത്താക്കുറിപ്പ് ഉയർത്തിക്കാട്ടുന്നവർ അന്വേഷണ ഏജൻസി കോടതിയിൽ നൽകിയ റിപ്പോർട്ട് മറച്ചു പിടിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഭരണതലപ്പത്തുള്ളവരുടെ അടുപ്പക്കാരെ രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിലൂടെ പുറത്ത് വരുന്നത്. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് വെപ്രാളമെന്നും സുരേന്ദ്രൻ ചോദിച്ചു.രാജ്യവിരുദ്ധ പ്രവർത്തിയുടെ പങ്ക് പറ്റിയവരിലേക്കുള്ള അന്വേഷണ ഏജൻസിയുടെ പോക്ക് താക്കോൽ സ്ഥാനക്കാരിലെത്തുമെന്ന ആശങ്കയാണോ ഇത്തരം വാദങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും സ്വർണ്ണക്കടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യു.എ.ഇയുടെ തലയിലിടാനുള്ള സി പി എമ്മിന്റെ ശ്രമം ആരെ രക്ഷിക്കാനാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.

നയതന്ത്ര ബാഗേജ് എന്നത് രണ്ട് രാജ്യങ്ങൾ തമ്മിലുളള ഔദ്യോഗിക ഇടപാടാണ്. ഫൈസൽ ഫരീദെന്ന കള്ളക്കടത്തുകാരൻ അയച്ചത് നയതന്ത്ര ബാഗേജാണെന്ന് സ്ഥാപിക്കുന്നത് യുഎഇ യെ അപമാനിക്കലാണ്. നയതന്ത്ര ബാഗേജാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് എൻ.ഐ.എ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. വിയന്ന കൺവൻഷൻ പ്രകാരം നയതന്ത്ര ബാഗേജിന്റെ നിർവചനം എന്തെന്ന് തോമസ് ഐസക് വായിച്ചു പഠിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വി.മുരളീധരനെതിരെ വായിൽ തോന്നിയത് പറയുന്ന കൊടിയേരി ആദ്യം കെ.ടി ജലീലിൻ്റെ ഇടപാടുകൾ പരിശോധിക്കണം. രാജ്യത്തെ ചട്ടങ്ങൾ മറികടന്ന് വിദേശരാജ്യവുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയ ജലീലിന്റെ രാജിയാണ് പാർട്ടി സെക്രട്ടറി ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ബുക്കിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജലീൽ പാലിച്ചിട്ടുണ്ടോയെന്ന് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നു. രാജ്യത്തെ ഒറ്റുകൊടുത്തവർക്ക് സ്വന്തം ഓഫീസ് താവളമാക്കാൻ അനുവദിച്ച മുഖ്യമന്ത്രിയോട് രാജിവയ്ക്കാൻ ഉപദേശിക്കുകയാണ് കോടിയേരി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

TAGS: K SURENDRAN, BJP, GOLD SMUGGLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY