കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നിട്ടും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി നോക്കി നിന്നതല്ലാതെ നാട്ടുകാർ രക്ഷിക്കാനെത്തിയില്ല. നാട്ടകം കാക്കൂരിലാണ് സംഭവം. ഏറെ വൈകി അതുവഴി വന്ന മറ്റ് രണ്ട് ബൈക്ക് യാത്രക്കാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു. ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ സുരേഷ് കുമാറിന്റെ മകൻ വേണു എസ്.കുമാർ (28), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആദർശ് (25) എന്നിവരാണ് മരിച്ചത്. ആദർശിനൊപ്പമുണ്ടായിരുന്ന കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്നേശ്വർ (24) അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ മുളങ്കുഴ പാക്കിൽ റോഡിൽ കാക്കൂർ കെ.ടി.ഡി.സി ബിയർ പാർലറിന് മുന്നിലായിരുന്നു അപകടം. പാക്കിൽ ഭാഗത്തു നിന്ന് വേണു എത്തിയ ബുള്ളറ്റും എതിർ ദിശയിൽ നിന്ന് വിഘ്നേഷും ആദർശും എത്തിയ പൾസർ ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. മൂന്നു പേരും റോഡിൽ തലയിടിച്ചു വീണു. തലപൊട്ടി റോഡിൽ രക്തം ഒഴുകി. ഒാടിക്കൂടിയവർ ഇതു കണ്ടിട്ടും കൊവിഡ് ഭയന്ന് ആശുപത്രിയിൽ എത്തിച്ചില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിലായിരുന്നു അവർക്ക് താത്പര്യം. 20 മിനിട്ടോളം കഴിഞ്ഞ് അതുവഴി ബൈക്കിൽ എത്തിയ രണ്ടു പേരാണ് ഒരാളെ ആട്ടോറിക്ഷയിലും മറ്റു രണ്ടുപേരെ ആംബുലൻസിലുമായി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ആദർശും വേണുവും മരിച്ചിരുന്നു.
ഒരു മാസം മുൻപാണ് വേണു പുളിമൂട് കവലയിൽ ന്യൂ പാർവതി ഗോൾഡ് എന്ന കട ആരംഭിച്ചത്. മാതാവ് സലിജ സുരേഷ് കുമാർ പനച്ചിക്കാട് മുൻ പഞ്ചായത്ത് അംഗമാണ്. ഭാര്യ : ആതിര. മകൾ: രണ്ടുവയസുകാരി നിവേദ്യ. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
മാറി നിന്നത് കൊവിഡ് പേടിച്ച് !
കൊവിഡ് പേടി മൂലമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ മടിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ടെയ്ൻമെന്റ് സോണിലാണ് അപകടമുണ്ടായത്. 10 മിനിട്ട് മുമ്പെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരാളെയെങ്കിലും രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് ഭാരത് ആശുപത്രി അധികൃതർ പറഞ്ഞു. കാഴ്ചക്കാർ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |