പൂർണ അന്ധതയുമായി സിവിൽ സർവീസ് നേടുന്ന ആദ്യ മലയാളി
തിരുവനന്തപുരം: കാഴ്ചയ്ക്കു മുന്നിലെ ഇരുട്ടിന്റെ ജാലകം തുറന്ന് ഗോകുൽ നേടിയെടുത്ത സിവിൽ സർവീസ് ജയത്തിന് പവൻമാറ്റ് തിളക്കം. വഴുതക്കാട് എൻ.സി.സി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെയും കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ശോഭയുടെയും ഏകമകൻ എസ്. ഗോകുൽ സിവിൽ സർവീസ് പരീക്ഷയിൽ നേടിയ വിജയത്തിന് ഒരു റെക്കാർഡിന്റെ പെരുമ കൂടിയുണ്ട്: സംസ്ഥാനത്ത്, നൂറു ശതമാനം അന്ധതയിൽ നിന്ന് സിവിൽ സർവീസിന്റെ കടമ്പ കടക്കുന്ന ആദ്യത്തെയാൾ!
തിരുമലയിലെ വീട്ടിൽ ഇന്നലെ വൈകിട്ട് ഗോകുലിന്റെ നേട്ടം ഒരു മധുരാഘോഷത്തിന് വഴിതുറക്കുമ്പോഴേക്കും അഭിനന്ദനങ്ങളുമായി ഫോൺവിളികളുടെ തിരക്ക്. കാട്ടാക്കട വീരണകാവിലെ സ്വന്തം വീട്ടിൽ നിന്ന് സുരേഷും ശോഭയും തിരുമലയിലേക്കു താമസം മാറ്റിയത് ഗോകുലിന്റെ പഠനത്തിനുള്ള സൗകര്യത്തിനായി. മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇംഗ്ളീഷ് ബിരുദാനന്തര ബിരുദം നേടിയ ശേഷമായിരുന്നു ഗോകുലിന്റെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ. കേരള സർവകലാശാലാ ഇംഗ്ളീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേർന്നതിനു ശേഷം മെയിൻ എക്‌സാം. അഖിലേന്ത്യാ തലത്തിൽ 804-ാം റാങ്ക് ആണ് ഗോകുലിന്.
പരിമിതികളെ ഊർജ്ജമാക്കി നേടിയ വിജയത്തിന്റെ ആഹ്ളാദത്തിനിടയിൽ കുഞ്ഞുന്നാളിൽ കണ്ടുതുടങ്ങിയ ആ മോഹം ഗോകുൽ പങ്കുവയ്‌ക്കുന്നു: സമൂഹത്തിനായി നല്ലതു ചെയ്യാനാകണം. ഡിഗ്രിക്കു പഠിക്കുമ്പോഴേ തുടങ്ങിയതാണ് സിവിൽ സർവീസ് പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പ്. പരീക്ഷയിൽ പങ്കെടുക്കാൻ സഹായിക്കു പകരം ആശ്രയിച്ചത് സ്ക്രീൻ റീഡിംഗ് സാങ്കേതികരീതിയെ.
വാർത്തകൾ കേൾക്കാൻ ഇംഗ്ളീഷ് ചാനലുകളെ ആശ്രയിച്ചിരുന്ന ഗോകുലിന് മലയാളം വാർത്തകളുടെ ലോകം തുറന്നുകൊടുത്തത് കേരളകൗമുദിയുടെ 'കാഴ്ച' മൊബൈൽ ആപ്പ് ആണ്. കാഴ്ചപരിമിതർക്ക് അനായാസം ഉപയോഗിക്കാവുന്ന ആപ്പ് ഗോകുലിന് ഡൗൺലോഡ് ചെയ്തു നൽകിയത് അച്ഛൻ സുരേഷ് തന്നെ. ശബ്ദരൂപത്തിലൂടെ വാർത്തകളുടെ പ്രകാശക്കാഴ്ച സമ്മാനിച്ച കേരളകൗമുദിക്ക് നന്ദി പറയാനും ഗോകുൽ മറക്കുന്നില്ല.
അഭിനന്ദനമറിയിക്കാൻ വിളിച്ചവരിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി സി. രവീന്ദ്രനാഥ്, ഉമ്മൻചാണ്ടി... അങ്ങനെ പ്രമുഖർ ഒരുപാടു പേരുണ്ടായിരുന്നു. കാഴ്ചപരിമിതിയുടെ നൊമ്പരത്തിലേക്ക് ഉൾവലിയുന്നവരോടു പറയാൻ ഗോകുലിന് ഒന്നേയുള്ളൂ: കഠിനമായി പരിശ്രമിക്കുക, ഏത് ഇരുട്ടിനപ്പുറവും പ്രകാശത്തിന്റെ വാതിലുകൾ താനേ തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |