തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ എണ്ണം പാലക്കാട് മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20 ശതമാനവും തൃശൂർ മുതലുള്ള തെക്കൻ ജില്ലകളിൽ പത്ത് ശതമാനവും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഓരോ ബാച്ചിലും ഇതോടെ നിശ്ചിത ശതമാനം സീറ്റുകൾ വർദ്ധിക്കും. ഈ സീറ്റുകളിലും ആദ്യ ഘട്ടത്തിൽ പ്രവേശനം നടത്താനാവും..
സംസ്ഥാനത്തെ 2077 ഹയർ സെക്കൻഡറി സ്കൂളുകളിലും 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഐ.ടി.ഐകൾ, പോളി ടെക്നിക്കുകൾ എന്നിവിടങ്ങളിലുമായി 4,23,975 സീറ്റുകളുണ്ട്. പ്ലസ് വണിന് സർക്കാർ, എയ്ഡഡ് മേഖലകളിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിവയ്ക്ക് ആകെ 2.45ലക്ഷം മെറിറ്റ് സീറ്റുകളുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 1.15ലക്ഷം മെറിറ്റ് ഇതര സീറ്റുകളുമുണ്ട്. 2019ൽ സംസ്ഥാനത്ത് 3,84,335 പേർ പ്ലസ് വണ്ണിന് പ്രവേശനം നേടിയതിൽ 3,35,602 കുട്ടികൾ സംസ്ഥാന സിലബസ്സിലും, 41,503 കുട്ടികൾ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സുകളിലും നിന്നുള്ളവരായിരുന്നു. ബാക്കി കുട്ടികൾ ടി.എച്ച്.എസ്.എസ്.എൽ.സി പാസ്സായവരു ഇതര സംസ്ഥാനക്കാരുമാണ്.
ഉപരിപഠനത്തിന് യോഗ്യരായ കുട്ടികളുടെ എണ്ണം ഇക്കൊല്ലം മുൻവർഷത്തേക്കാൾ കുറവാണ്. എങ്കിലും കൊവിഡ് സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും നിന്ന് നാട്ടിലേക്കെത്തിയ കൂടുതൽ കുട്ടികൾ സംസ്ഥാന സിലബസ്സിൽ പഠനാവസരം തേടിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സീറ്റുകൾ വർദ്ധിപ്പിച്ചത്.
കഴിഞ്ഞ വർഷവും സീറ്റുകൾ വർദ്ധിപ്പിച്ചെങ്കിലും സൗകര്യപ്രദമായ സ്കൂളിൽ ഇഷ്ടവിഷയങ്ങളിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതികളുയർന്നു. ഇക്കുറി സംസ്ഥാന സിലബസ്സിൽ 4,17,101 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പ്ലസ് വൺ, ഐ.ടി.ഐ, പോളി ടെക്നിക് സീറ്റുകളുടെ എണ്ണം വച്ചുനോക്കിയാൽ താല്പര്യമുള്ള എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാവും.
പ്ലസ് വൺ സീറ്റ് വർദ്ധന
അൺ എയ്ഡഡ് മേഖലയ്ക്കില്ല
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച സീറ്റ് വർദ്ധനവിനുള്ള തീരുമാനം അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ബാച്ചുകൾക്ക് ബാധകമാവില്ല.
സർക്കാർ, എയ്ഡഡ് മേഖലകളിൽ വർദ്ധിപ്പിക്കുന്ന സീറ്റുകളിൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയിൽ നിലവിലുള്ള വ്യവസ്ഥകൾക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |