ഇടുക്കി: ഇടുക്കി ഏലപ്പാറ വാഗമൺ റോഡിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി. കാറിൽ ഉണ്ടായിരുന്ന രണ്ടു യുവാക്കളെ കാണാതായതായാണ് റിപ്പോർട്ട്. ഏലപ്പാറ- വാഗമൺ റൂട്ടിലാണ് നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. യുവാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. സംഭവം അറിഞ്ഞ് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.
പ്രദേശവാസികളായ യുവാക്കളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയതായി സംശയമുണ്ട്. രാത്രി വൈകിയതിനാൽ ഫയർഫോഴ്സ് തെരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ തെരച്ചിൽ ആരംഭിക്കുമെന്ന് ഫയർഫോഴ്സ് സംഘം അറിയിച്ചു.