തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. യു.എ.ഇ കോൺസുലേറ്റിലും കേരളസർക്കാരിലും നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വർണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻ.ഐ.എ ശരിവച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്റെ മെന്ററായിരുന്നെന്നാണ് സ്വപ്ന പറഞ്ഞത്. രാജ്യദ്രോഹികളുടെ മെന്ററാകാനാണോ തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതെന്ന് സുരേന്ദ്രൻ ചോദിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്ന പ്രതിഫലം പറ്റിയിരുന്നുവെന്നതും പ്രിൻസിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയതെന്നതും ഗുരുതരവീഴ്ചയാണ്.വിദേശത്ത് ഉൾപ്പെടെ സ്വപ്നയ്ക്ക് സ്വാധീനം ഉണ്ടായിരുന്നുവെന്നത് അന്താരാഷ്ട്ര ബന്ധങ്ങളുടെ തെളിവാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടാൻ ഇനിയും വൈകിയാൽ കേരളത്തിന് വലിയ നാണക്കേടുണ്ടാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |