''അച്ഛൻ, മുത്തച്ഛൻ, അവരുടെ മുൻഗാമികൾ...ഉന്നതശീർഷരായ അവരെല്ലാം അനുഷ്ഠിച്ചുപോന്ന ധാർമ്മികത. ചികിത്സയിൽ നടത്തിയ അദ്ഭുതങ്ങൾ, മനോധർമ്മം. അതൊക്കെ തന്നെയാണ് അഷ്ടവൈദ്യപാരമ്പര്യത്തിന്റെ ശക്തിയും ഉൗർജ്ജവും...""
അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സിന്റെ എൺപതാം പിറന്നാളിന്, കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അഷ്ടവൈദ്യപാരമ്പര്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
''പരശുരാമൻ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കുന്ന നൂറ്റിയെട്ട് ദുർഗാലയങ്ങളിൽ തെൈക്കാട്ട് കുടുംബത്തിന്റെ പരദേവതയായ തൈക്കാട്ടുശേരി ഭഗവതിയുണ്ട്. പരശുരാമഭൂമി ഭരണസൗകര്യത്തിനായി പതിനെട്ട് തളികളായി പകുത്തിരുന്നുവെന്നാണല്ലോ. ഓരോ തളിയിലും കാര്യനിർവഹണത്തിനായി വിദഗ്ദ്ധരെ നിയമിച്ചു. വൈദ്യവൃത്തിക്ക് നിയോഗിച്ച പതിനെട്ടു വൈദ്യകുടുംബങ്ങളായിരുന്നു അഷ്ടാദശ കുടുംബങ്ങൾ. പിന്നീടത് അഷ്ടവൈദ്യകുടുംബങ്ങളായി. അഷ്ട അംഗങ്ങളും ചേർന്ന അഷ്ടാംഗഹൃദയം മുഖ്യഗ്രന്ഥമായി പഠിച്ചും പഠിപ്പിച്ചും വന്നതിനാൽ അഷ്ടാംഗവൈദ്യൻമാരായി. അഷ്ടവൈദ്യൻമാർ എന്നും അറിയപ്പെട്ടു.
ഞങ്ങൾ അഷ്ടവൈദ്യൻമാർക്ക് വേദഗ്രന്ഥം പോലെയാണ് അഷ്ടാംഗഹൃദയം. പഠനം കഴിഞ്ഞാൽ ഒരു സംവത്സരം വ്രതാനുഷ്ഠാനത്തോടെ അഷ്ടാംഗഹൃദയം പാരായണം ചെയ്ത് പരദേവതയെ ഭജിക്കും. വേണ്ടനേരത്ത് വേണ്ടതു പോലെ തോന്നിയ്ക്കാനാണത്. നിത്യവും ചികിത്സ ആരംഭിക്കുന്നതിന് മുൻപേ വാഗ്ഭടാചാര്യനെ പ്രണമിച്ച് അഷ്ടാംഗഹൃദയം ഒരദ്ധ്യായമെങ്കിലും ചൊല്ലും. അഷ്ടാംഗഹൃദയം മന്ത്രം പോലെ ശ്രേഷ്ഠമാണ്. അഷ്ടാംഗഹൃദയം കേരളത്തിൽ പ്രചാരത്തിലാകുന്നതിനു മുൻപും ഇവിടെ ആയുർവേദമുണ്ടായിരുന്നു. ചരകസുശ്രുതാദി ഗ്രന്ഥങ്ങളിൽ ഇല്ലാത്ത പല യോഗങ്ങളും അഷ്ടാംഗഹൃദയത്തിലുണ്ട്. അഷ്ടവൈദ്യ കുടുംബങ്ങൾക്ക് ആയിരം വർഷത്തിലപ്പുറം പഴക്കമുണ്ടെന്ന് പറയാനാവില്ല. മരണപ്രവചനം നടത്തിയിരുന്നു എന്ന് പറയപ്പെടുന്ന 'മരണതൈക്കാട് "എന്നറിയപ്പെടുന്ന പരമേശ്വരൻ മൂസ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ ഇ.ടി.രവിമൂസ് അഥവാ ഇട്ടീരിമൂസ് മറ്റൊരു മരണതൈക്കാടായിരുന്നു. മുത്തച്ഛന്റെ അപ്ഫനാണ് അദ്ദേഹം.""
ഭരണാധികാരികൾ
തിരിച്ചറിഞ്ഞ വൈശിഷ്ട്യം
വൈദ്യരത്നത്തിലെ ചികിത്സാവിധികളിലും പാരമ്പര്യവൈശിഷ്ട്യത്തിലും ഏറെ തൽപരരായിരുന്നു കേരളത്തിനകത്തും പുറത്തുമുളള ഭരണാധികാരികൾ.
മുഖ്യമന്ത്രിയായിരുന്ന സി.അച്ചുതമേനോനായിരുന്നു വൈദ്യരത്നം കോളേജിന് അനുമതി നൽകിയത്. ചെറുപ്പത്തിലേ വൈദ്യരത്നത്തിൽ ചികിത്സയ്ക്ക് എത്തിയിരുന്ന കെ.കരുണാകരന്റെ ശ്രമവുമുണ്ടായിരുന്നു അതിനു പിന്നിൽ. 1976 ഒക്ടോബർ രണ്ടിന് കോളേജ് തുടങ്ങി. 'രാഗാദിരോഗാൻ' ചൊല്ലി അർത്ഥം വിവരിച്ചാണ് നാരായണൻ മൂസിന്റെ അച്ഛൻ ആദ്യ ക്ളാസിന് തുടക്കമിട്ടത്. വൈദ്യരത്നം ഗവേഷണകേന്ദ്രത്തിന് തറക്കല്ലിട്ടത്, ഉപരാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമ്മയായിരുന്നു. 1991 ൽ കരുണാകരനായിരുന്നു ഉദ്ഘാടനം ചെയ്തത്. അടൽ ബിഹാരി വാജ്പേയിയാണ് സ്വദേശി പുരസ്കാരം സമർപ്പിച്ചത്. ആയുർവേദമ്യൂസിയം തുറന്നത് ഡോ. എ.പി.ജെ. അബ്ദുൾകലാമും. വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ശരത് പവാർ അടക്കമുളള ദേശീയനേതാക്കളും വൈദ്യരത്നത്തിൽ ചികിത്സ തേടിയെത്തി.
അഷ്ടവൈദ്യപാരമ്പര്യത്തിന്റെ കരുത്തുറ്റ കണ്ണി അറ്റുവീണ് മണ്ണോടു ചേരുമ്പോൾ, തൈക്കാട്ടുശ്ശേരി എന്ന ഗ്രാമവും തോരാക്കണ്ണീരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |