തിരുവനന്തപുരം:ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായി അനാഥമായി കിടന്ന തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഡയറക്ടറെ നിയമിച്ചതോടെ അടിയന്തരമായി ലാബ് പ്രവർത്തനക്ഷമമാക്കി സെപ്തംബർ 20 ന് പരിശോധന തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
ഹൈദരാബാദിലെ ഡി. എൻ. എ സെന്റർ ഫോർ ഫിംഗർപ്രിന്റ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ നിന്ന് വിരമിച്ച ബംഗാൾ സ്വദേശി ഡോ. ദേബിശിഷ് മിത്രയെ ആണ് ഡയറക്ടറായി സംസ്ഥാന സർക്കാർ നിയമിച്ചത്. അദ്ദേഹം താമസിയാതെ ചുമതലയേൽക്കും. ഇതോടെ ഈ മാസം തന്നെ ലാബിലെ 18 തസ്തികകളിൽ നിയമനം നടക്കും. ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്റർവ്യൂ നടക്കും.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ 25,000 ചതുരശ്ര അടി കെട്ടിടങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി ഒരുക്കിയിരിക്കുന്നത്.
#ലക്ഷ്യം ഇന്ത്യയിൽ ഒന്നാമത്
പകർച്ചവ്യാധികൾ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാക്കുകയാണ് ലക്ഷ്യം. വാക്സിനുകളെ പറ്റി ഉൾപ്പെടെ ഉന്നതനിലവാരമുള്ള ഗവേഷണവും നടക്കും. പൂനെയിലെ വൈറോളജി ലാബിനെക്കാൾ നിലവാരമാണ് ലക്ഷ്യം.
#ആദ്യം സാമ്പിൾ പരിശോധന
ലാബിലെ ഉപകരണങ്ങളിൽ 90 ശതമാനവും സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ സാമ്പിൾ പരിശോധനയാണ്. ക്രമേണ വൈറസിന്റെ എല്ലാ പരിശോധനകളും നടത്തും. ചിക്കുൻഗുനിയ, ഡെങ്കി, എച്ച് വൺ എൻ വൺ, നിപ, കൊവിഡ് തുടങ്ങിയ വൈറസുകളുടെ പരിശോധനയുണ്ടാവും. ലോക വൈറോളജി നെറ്റ്‌വർക്കിന്റെ അംഗീകാരമുള്ളതിനാൽ 29 രാജ്യങ്ങളിലെ 45 ഗവേഷണ സ്ഥാപനങ്ങളുമായി ആശയവിനിമയ സൗകര്യമുണ്ട്. ഇത്തരം അംഗീകാരമുള്ള ഇന്ത്യയിലെ ഏക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണിത്. ഇവിടുത്തെ രണ്ട് ശാസ്ത്രജ്ഞർക്ക് ജപ്പാനിൽ പരിശീലനം നൽകും. ഇപ്പോൾ കൊച്ചിൻ യൂണിവേഴ്സിറ്റിലെ ഒരു ശാസ്ത്രജ്ഞൻ മാത്രമാണുള്ളത്. മറ്റ് ശാസ്ത്രജ്ഞരെ ഡയറക്ടർ എത്തിയ ശേഷം നിയമിക്കും.
# ലാബുകൾ
ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്‌നോസ്റ്റിക്സ്, വൈറൽ വാക്സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെമിയോളജി വെക്ടർ ഡൈനാമിക്സ് ആൻഡ് പബ്ളിക് ഹെൽത്ത്, വൈറസ് ജിനോമിക്സ്, ബയോ ഇൻഫർമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറൽ വൈറോളജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |