കൊച്ചി: അഖിലഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റും ചിന്മയമിഷൻ എറണാകുളം മേഖലാട്രസ്റ്റിയും ഡി.ബി.ഖോന ഷിപ്പിംഗ് കമ്പനി ജനറൽ മാനേജരും പ്രമുഖ വ്യവസായിയുമായ കടവന്ത്ര വിദ്യാനഗറിലെ ദി ഗ്രേറ്റ് ഓർച്ചാർഡ്‌സിൽ എം.കെ.കുട്ടപ്പൻ മേനോൻ (87) നിര്യാതനായി. ഇന്നു രാവിലെ 10ന് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3 ന് രവിപുരം ശ്‌മശാനത്തിൽ സംസ്കരിക്കും.
കേരളത്തിൽ ഭാഗവതസത്രം ജനകീയവത്കരിക്കുന്നതിൽ നിർണായകമായ നേതൃത്വം വഹിച്ചിട്ടുണ്ട്. 2003 മുതൽ അഖിലഭാരത ശ്രീമദ് ഭാഗവതസത്ര സമിതിയുടെ അദ്ധ്യക്ഷനാണ്. സത്രസമിതിയുടെ ആസ്ഥാന മന്ദിരമായ 'ഗുരുവായൂർ ഭാഗവതം ഗസ്റ്റ്ഹൗസ്' തെക്കേനടയിൽ നിർമ്മിച്ചു. സത്യം പരം ധീമഹി എന്ന സമിതിയുടെ മുഖപത്രത്തിന്റെ രക്ഷാധികാരിയായിരുന്നു. ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ, ചിന്മയ ഇന്റർനാഷണൽ കേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലും ചുമതലകൾ വഹിച്ചിരുന്നു. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുമായി അടുത്തബന്ധം പുലർത്തിയിരുന്നു. നിരവധി ഭാഗവത സത്രങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ചിന്മയമിഷൻ എറണാകുളം മേഖലാ ട്രസ്റ്റി എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. ചിന്മയമിഷന്റെ യൂണിവേഴ്‌സിറ്റി കാമ്പസ് പിറവത്ത് തുടങ്ങുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കൊച്ചി എൻ.എസ്. എസ്. കരയോഗം പ്രസിഡന്റായും പ്രവർത്തിച്ചു. ഭാര്യ: ആർ. സരസ്വതി അമ്മ. മക്കൾ : അനിൽ കെ. മേനോൻ (ഡയറക്ടർ ജി.എ.സി ഷിപ്പിംഗ്, വെല്ലിംഗ്ഡൺ ഐലൻഡ് ), അജയ് കെ. മേനോൻ (ഡിസ്ട്രിബ്യൂട്ടർ ഹിന്ദുസ്ഥാൻ ലിവർ). മരുമക്കൾ : ശ്യാമ, മായ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |