തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റിൽ അദ്ദേഹത്തിന്റെ മകനും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റുമായ എം.വി. ശ്രേയാംസ് കുമാർ തന്നെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവേ, സി.പി.എമ്മിന്റെ തീരുമാനം ഇന്നുണ്ടാകും.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ഇക്കാര്യം ചർച്ച ചെയ്യും. നാളെ (ശനി) രാവിലെ സി.പി.എം സംസ്ഥാനകമ്മിറ്റിയും വൈകിട്ട് ഇടതുമുന്നണിയും ചേരുന്നുണ്ട്. ഇടതുമുന്നണി യോഗമാകും അന്തിമ പ്രഖ്യാപനം നടത്തുക. സ്ഥാനാർത്ഥിയെ പിന്നീട് ബന്ധപ്പെട്ട പാർട്ടി പ്രഖ്യാപിക്കും.
ഇന്ന് ഉച്ച തിരിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തും. രാജ്യസഭാ സീറ്റും സ്വർണ്ണക്കടത്ത് കേസും ചർച്ചയായേക്കാം.
ഇന്നലെ ലോക് താന്ത്രിക് ജനതാദൾ നേതാവ് ഷേക് പി. ഹാരിസ് എം.എൻ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനെ കണ്ടു. രാജ്യസഭാ സീറ്റിനായി മുന്നണി കൺവീനർക്ക് കത്ത് നൽകിയതും സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടതും കാനത്തെ ധരിപ്പിച്ചു. സി.പി.ഐയുടെ പിന്തുണയും അഭ്യർത്ഥിച്ചു. അനുഭാവത്തോടെയാണ് കാനത്തിന്റെ പ്രതികരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് - ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ വാളകത്തെ വസതിയിലെത്തിയും ഷേക് പി. ഹാരിസ് കണ്ടിരുന്നു. മറ്റ് ഇടതുമുന്നണി നേതാക്കളെ ഫോണിലും എൽ.ജെ.ഡി നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് സി.പി.എം സംസ്ഥാനകമ്മിറ്റി നാളെ ചേരുന്നത്. ദേശീയ രാഷ്ട്രീയവും കേന്ദ്രത്തിനെതിരായ പ്രക്ഷോഭങ്ങളുമടങ്ങുന്ന സി.സി റിപ്പോർട്ടിംഗിന് പുറമേ, സംസ്ഥാന രാഷ്ട്രീയം സംബന്ധിച്ച സെക്രട്ടറിയുടെ റിപ്പോർട്ടും ചർച്ചയാവും. സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടുകളും വിശദീകരിക്കും. രാമജന്മഭൂമി പ്രശ്നത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളും ചർച്ചയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |