കൊല്ലം: ആർ എസ് എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 9 ആർ എസ് എസ് പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും പിഴയ്ക്കും കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചു. കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി. വിനോദ് , കൊറ്റങ്കര ഇടയത്തുവീട്ടിൽ ജി. ഗോപകുമാർ, കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ, വൈക്കം താഴതിൽ പ്രിയരാജ് , പരപ്പത്തുവിള തെക്കതിൽ പ്രണവ് , കിഴക്കടത്ത് എസ് അരുൺ , മതിലിൽ അഭി നിവാസിൽ രജനീഷ്, ലാലിവിള വീട്ടിൽ ദിനരാജ്, കടവൂർ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ആർ ഷിജു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
കടവൂർ ജയൻ ആർ എസ് എസ് വിട്ടതിലുളള വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. 2012 ഫെബ്രുവരി 7 ന് പട്ടാപ്പകൽ കടവൂർ ജംക്ഷനിൽ വച്ചായിരുന്നു ജയനെ കൊലപ്പെടുത്തിയത്. പ്രതികൾ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തുകയും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു തിരിച്ചയക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |