ന്യൂഡൽഹി: സുപ്രീംകോടതി വിധി പ്രകാരം അയോദ്ധ്യയ്‌ക്ക് സമീപം അഞ്ചേക്കറിൽ നിർമ്മിക്കാനൊരുങ്ങുന്ന മുസ്ളീം പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന വിവാദത്തിൽ. മുഖ്യമന്ത്രി പദത്തിലിരിക്കുന്ന ആൾ ഇത്തരം പ്രസ്‌താവന നടത്താൻ പാടില്ലെന്നും യോഗി മാപ്പു പറയണമെന്നും സമാജ്‌വാദി പാർട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുന്നുവെങ്കിലും ഒരു ഹിന്ദു എന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കാൻ തന്റെ വിശ്വാസങ്ങൾ സമ്മതിക്കില്ലെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. 'സുപ്രീംകോടതിയിലെ കേസിൽ കക്ഷി അല്ലാത്തതിനാൽ എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല. ക്ഷണിച്ചിട്ട് ഞാൻ പങ്കെടുത്താൽ പലരുടെയും മതേതരത്വം അപകടത്തിലാകും. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിശബ്‌ദമായി ജോലി ചെയ്യാനാണ് ആഗ്രഹം. വിവേചനമില്ലാതെ എല്ലാവർക്കും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.' - യോഗി പറഞ്ഞു. കോൺഗ്രസ് അടക്കം ഇതിലൂടെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. തൊപ്പി ധരിച്ച് ഇഫ്‌താറിൽ പങ്കെടുക്കുന്നത് മതേതരത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് സമാജ്‌വാദി പാർട്ടി വക്താവ് പവൻപാണ്ഡെ പറഞ്ഞു.
'യോഗി ഹിന്ദുക്കളുടെ മാത്രം മുഖ്യമന്ത്രിയല്ല. പദവിക്ക് ചേർന്ന തരത്തിലല്ല അദ്ദേഹത്തിന്റെ സംസാരം. മുഖ്യമന്ത്രി മാപ്പു പറയണം."- പാണ്ഡെ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചില്ല. രാമനെ സ്വന്തമാക്കി രാഷ്‌ട്രീയക്കളി നടത്തുകയാണ് ബി.ജെ.പിയെന്ന് യു.പി കോൺഗ്രസ് വക്താവ് ലലൻ കുമാർ പ്രതികരിച്ചു.
അയോധ്യയിൽ സിംഗാളിന്റെ പ്രതിമ സ്ഥാപിക്കണമെന്ന്
രാമജൻമഭൂമി പ്രക്ഷോഭത്തിനായി ജീവൻ വെടിഞ്ഞവരുടെ പേരിൽ നിർദ്ദിഷ്ട രാമക്ഷേത്രത്തിൽ കീർത്തി സ്തംഭങ്ങൾ സ്ഥാപിക്കണമെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് ആവശ്യപ്പെട്ടു. അന്തരിച്ച മുൻ വി.എച്ച്.പി മേധാവി അശോക് സിംഗാളിന്റെ പ്രതിമ സ്ഥാപിക്കണമെന്നും രാമജൻമഭൂമി പ്രക്ഷോഭവുമായി ബന്ധപ്പെട്ട വെടിവയ്പിൽ മരിച്ച കൊത്താരി സഹോദരൻമാർ അടക്കമുള്ളവരുടെ ഓർമ്മയ്ക്കായി തൂണുകൾ സ്ഥാപിക്കണമെന്നുമാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |