തിരുവനന്തപുരം: കേരളത്തിലെ പേരുകേട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് കരിപ്പൂർ വിമാനത്താവളം. എന്നാൽ, വിമാനത്താവളം സുരക്ഷിതമല്ലെന്ന് 2011 ൽ തന്നെ വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ആശങ്ക അകറ്റാൻ യാതൊരു നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമേറിയതാണ്. ഒരു വർഷം മുമ്പും സമാന മുന്നറിയിപ്പ് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ നൽകിയിരുന്നതാണ്. ഫ്ളൈറ്റ് ഓപ്പറേഷൻ ഡയറക്ടറേറ്റ്, എയറോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റ് എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സാധാരണ വിമാനത്താവങ്ങളിൽ നിന്ന് വളരെയേറെ മിനുസമായ റൺവേയാണ് കരിപ്പൂരിലേത്. സാധാരണ കാലാവസ്ഥയിൽ പോലും ലാൻഡിംഗ് അപകടസാദ്ധ്യതയുള്ളതാണ്. മഴക്കാലത്താണെങ്കിൽ തെന്നിമാറി അപകടമുണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാകും. ഇത്തരത്തിൽ റൺവേ നിർമ്മിച്ചതിന് എയർപോർട്ട് ഡയറക്ടർക്ക് ഡി.ജി.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് റൺവേ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപകടസാദ്ധ്യത ഒട്ടും കുറഞ്ഞില്ല. ഇതെല്ലാം ഡി.ജി.സി.എ ഗൗരവമായാണ് കാണുന്നത്.
റബ്ബറിന്റെ സാന്നിദ്ധ്യം കൂടുതൽ
ഡി.ജി.സി.എ നടത്തിയ പരിശോധനയിൽ റൺവേയുടെ പ്രതലത്തിൽ റബ്ബറിന്റെ സാന്നിദ്ധ്യം അനുവദനീയമായതിലും കൂടുതലാണെന്നായിരുന്നു ഡി.ജി.സി.എയുടെ കണ്ടെത്തൽ. ടേബിൾ ടോപ് റൺവേ ആയതിനാൽ റൺവേയിലെ ഘർഷണത്തോത് മറ്റു വിമാനത്താവളങ്ങളേക്കാൾ കൂടുതലായിരിക്കണം. ഇല്ലെങ്കിൽ തെന്നിയുള്ള അപകടസാദ്ധ്യതയേറും. ഡി.ജി.സി.എയുടെ നിർദ്ദേശത്തെ തുടർന്ന് അധിക റബ്ബർ നീക്കം ചെയ്യാനുള്ള യന്ത്രങ്ങൾ വാങ്ങിയാണ് അറ്റകുറ്റപ്പണി നടത്തിയത്.
വെള്ളം ഒഴുകിപ്പോകാൻ സംവിധാനങ്ങളില്ല
മഴ പെയ്താൽ റൺവേയിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളിലും ഡി.ജി.സി.എ പോരായ്‌മ കണ്ടെത്തിയിരുന്നു. റൺവേയുടെ ചില ഭാഗങ്ങൾ അനുവദിനീയമായതിലും കൂടുതൽ ചരിവിലാണ് നിർമ്മിച്ചിരുന്നത്. ലാൻഡിംഗ് സമയത്ത് കാറ്റിന്റെ ഗതി അറിയാനുള്ള ഡിസ്റ്റന്റ് ഇൻഡിക്കേഷൻ വിൻഡ് എക്വിപ്‌മെന്റിന്റെ പ്രവർത്തനവും തൃപ്തികരമായിരുന്നില്ല.
ക്രിട്ടിക്കൽ വിമാനത്താവളം
2011 ൽ രാജ്യസഭയിൽ രാജ്യത്തെ 11 വിമാനത്താവളങ്ങളുടെ അപകടാവസ്ഥ രേഖാമൂലം അറിയിച്ചപ്പോൾ കരിപ്പൂരും അതിൽ ഉൾപ്പെട്ടിരുന്നു. വിമാന സർവീസുകളുടെ കാര്യത്തിൽ ക്രിട്ടിക്കൽ വിമാനത്താവളങ്ങൾ എന്ന വിഭാഗത്തിലാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്. മംഗളൂരു, ലേ, കുളു, ഷിംല, പോർട്ബ്ലയർ, അഗർത്തല, ജമ്മു, പട്ന, ലത്തൂർ എന്നിവയാണ് സുരക്ഷാ ഭീതി നിലനിൽക്കുന്ന മറ്റു വിമാനത്താവളങ്ങൾ. റിപ്പോർട്ടിന് പിന്നാലെ കോഴിക്കോട് വിമാനത്താവളത്തിൽ പേരിന് അറ്റകുറ്റപ്പണി നടന്നെങ്കിലും പ്രധാന പ്രശ്നമായ റൺവേ വീതി കൂട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. റൺവേയുടെ ഇരുവശങ്ങളിലുമായി 100 മീറ്റർ സ്ഥലം നിർബന്ധമായി വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |