മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവർക്ക് വിവിധ സഹായങ്ങളുമായി എയർ ഇന്ത്യയുടെ പ്രത്യേക സഹായ സംഘം കേരളത്തിൽ. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാനും അന്വേഷണത്തിനുമായുള്ള സംഘങ്ങളാണ് കരിപ്പൂരിലെത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിക്കേറ്റവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായും എയ്ഞ്ചൽസ് ഓഫ് ഇന്ത്യ മുംബയിൽ നിന്നും പുറപ്പെട്ട കാര്യം എയർ ഇന്ത്യയുടെ പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് വിമാനങ്ങളായാണ് പുറപ്പെട്ടത്. അതിൽ ഒന്ന് ഡൽഹിയിൽ നിന്നുമാണെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യത്വപരമായ സഹായം നൽകുകയാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
കോഴിക്കോട്, മുംബയ്, ഡൽഹി, ദുബായ് എന്നിവിടങ്ങളിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ എമർജൻസി റെസ്പോൺസ് ഡയറക്റ്റർ കോ- ഓർഡിനേറ്റ് ചെയ്യുന്നുണ്ട്. എയർ ഇന്ത്യ ചെയർമാനും എം ഡിയുമായ രാജീവ് ബൻസാൽ, എയർ ഇന്ത്യ എക്സ്പ്രസ് സി ഇ ഒ കെ. ശ്യാം സുന്ദർ എന്നിവർ കരിപ്പൂരിലെത്തിയിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രക്കാരുമായി ദുബായില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളരുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണി കഴിഞ്ഞായിരുന്നു ദുരന്തം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |