തിരുവനന്തപുരം: കരിപ്പൂരിലേതുപോലെ നിരപ്പാക്കിയ ഉയർന്ന പ്രദേശത്ത് (ടേബിൾടോപ്പ്) അല്ലെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയ്ക്കും രാജ്യാന്തര നിലവാരമില്ല. സുരക്ഷാഏജൻസിയുടെ താത്കാലിക ലൈസൻസിലാണ് പ്രവർത്തിക്കുന്നത്. 3373മീറ്റർ നീളമുള്ള റൺവേയുടെ 541മീറ്റർ ലാൻഡിംഗിന് ഉപയോഗിക്കാൻ കഴിയാത്തവിധം പരിസരങ്ങളിൽ നിർമ്മിതികൾ ഉയർന്നുനിൽക്കുന്നു.
വേളിയിലെ വ്യവസായസ്ഥാപനത്തിലെ 31മീറ്റർ ഉയരമുള്ള ചിമ്മിനി ലാൻഡിംഗിന് തടസമായതിനാൽ ആൾസെയിന്റ്‌സ് ഭാഗത്തെ റൺവേയിലൂടെ ലാൻഡിംഗ് നടത്താറില്ല. ചിമ്മിനിയുടെ ഉയരം കുറയ്ക്കണമെന്ന് വിമാനത്താവള അതോറിട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മുട്ടത്തറ പൊന്നറ പാലത്തിൽ ഒരു വാഹനം നിറുത്തിയിട്ടാൽ ലാൻഡിംഗിന് പ്രയാസമാണ്. അവിടെ പുതിയപാലം പണിയുന്നത് എയർപോർട്ട് അതോറിട്ടി തടഞ്ഞിരിക്കുകയാണ്.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പ് ഇല്ലാത്തതിനാൽ വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാവുന്ന സ്ഥിതിയുണ്ട്. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150 മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല. ഇവിടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. എല്ലാ വർഷവും പരിശോധന നടത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്. ആൾ സെയിന്റ്സ് ഭാഗത്താണ് തീരെ സ്ഥലക്കുറവ്. 13 ഏക്കർ ഏറ്റെടുത്താലേ അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ്പ് സജ്ജമാക്കാനാവൂ. 628ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്.
റൺവേ നിസാര കാര്യമല്ല
15വർഷം കൂടുമ്പോൾ റൺവേ പുതുക്കിപ്പണിയണം.
191 രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഒരേ നിലവാരത്തിലാണ് റൺവേയും അനുബന്ധസൗകര്യങ്ങളും ഒരുക്കേണ്ടത്.
ഗുണമന്മേയേറിയ ബിട്യുമെൻ, മെറ്റൽ എന്നിവയ്ക്കൊപ്പം രാസപദാർത്ഥങ്ങളും കൂട്ടിച്ചേർത്താണ് റൺവേ റീകാർപ്പറ്റിംഗ് നടത്തുക. മൂന്ന് പാളിയായി റൺവേ ശക്തിപ്പെടുത്തും.
15വർഷത്തേക്ക് റൺവേയിൽ ഒരു വിള്ളൽപോലും ഉണ്ടാകാൻ പാടില്ല. 2015ജൂലായിലാണ് തിരുവനന്തപുരത്ത് റീ-കാർപെറ്റിംഗ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |