തിരുവനന്തപുരം: രാജ്യത്തിന്റെ എല്ലാ മേഖലകളും കുത്തകകൾക്കും വൻകിട മുതലാളിമാർക്കും തുറന്നിട്ടു കൊടുത്ത് കോർപ്പറേറ്റ്‌വൽകരണം ശക്തിപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ധാതുസമ്പത്തുകൾ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളും റെയിൽവേയും എല്ലാം സ്വകാര്യമേഖലയെ ഏൽപിക്കുകയെന്ന നയത്തിലാണ് കേന്ദ്രം എത്തിയിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി വിമർശിച്ചു.
ശക്തമായ കോർപ്പറേറ്റ്‌വൽകരണത്തിന്റെ ഭാഗമായി വളരെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (എൻവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ്) സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ ഉത്തരവ് നടപ്പാക്കപ്പെടുകയാണെങ്കിൽ, രാജ്യത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കൊന്നും പാരിസ്ഥിതിക അനുമതി വേണ്ടാതെ വരുമെന്നും കോടിയേരി ആരോപിച്ചു.
കൂടാതെ, ആദിവാസി മേഖലകളിൽ പദ്ധതികൾ ആരംഭിക്കുമ്പോൾ, ആദിവാസി ജനസമൂഹം അധിവസിക്കുന്ന എസ്.ടി. പഞ്ചായത്തുകളുടെ അനുമതി വാങ്ങണം എന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുകയാണ്. വനമേഖലയിൽ ഉൾപ്പെടെ ഏതു സംരംഭവും ആരംഭിക്കുമ്പോൾ പാരിസ്ഥിതിക പഠനം ആവശ്യമില്ല എന്ന കേന്ദ്രസർക്കാരിന്റെ ഈ ഉത്തരവ് വലിയതോതിൽ പരിസ്ഥിതി സംരക്ഷണത്തിന് കോട്ടമുണ്ടാക്കുന്നതാണ്.
കേന്ദ്രത്തിന്റെ ഈ ഉത്തരവ് തിരുത്തുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്നും കേരളത്തിന്റെ വ്യത്യസ്ത അഭിപ്രായം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |