തിരുവനന്തപുരം/മൂന്നാർ : ചെളിയും കല്ലുകളും നിറഞ്ഞ ദുരന്തമുഖത്ത് ഓടി നടന്ന് മായയും ഡോണയും ഓരോ സ്ഥലങ്ങൾ മണത്തു കാണിച്ചു, രക്ഷാപ്രവർത്തകർ ഇവിടെ കുഴിച്ചപ്പോഴെല്ലാം കണ്ടെടുത്തത് ഓരോ മൃതദേഹങ്ങൾ. മൂന്നാർ രാജമലയിൽ മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ചത് പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ മായയും ഡോണയുമായിരുന്നു.
ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള മായ എന്ന് വിളിക്കുന്ന ലില്ലി മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തൃശൂരിലെ പൊലീസ് അക്കാഡമിയിലെ പരിശീലനം പൂർത്തിയാകുന്നതിന് മുൻപാണ് മായയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മുൻകൈയെടുത്ത് മൂന്നാറിലേക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പുതിയ ബാച്ചിലെ 35 നായ്ക്കളിൽപ്പെട്ടവരാണിവർ. മായ ഉൾപ്പെടെ രണ്ട് നായ്ക്കൾക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജി.സുരേഷ് ആണ് പരിശീലകൻ. പി.പ്രഭാത് ആണ് ഹാൻഡ്‌ലർ.
മൂന്നാറിലെത്തിയ ഡോണ എന്ന നായ മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ കണ്ടുപിടിക്കാൻ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂർ വരെ തുടർച്ചയായി വിശ്രമമില്ലാതെ പ്രവർത്തിക്കാൻ വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയ്ക്ക് കഴിയും. ജോർജ് മാനുവൽ.കെ.എസ് ആണ് പരിശീലകൻ. നാളെയും ഇവയുടെ സേവനം മൂന്നാറിൽ ലഭ്യമാക്കും. പഞ്ചാബ് പൊലീസിൽ നിന്നാണ് ഇവയെ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |