പലതരത്തിലുള്ള ഗ്രാമങ്ങളും നമുക്ക് പരിചയമുണ്ട്. ആരും ചെരുപ്പിടാത്ത ഗ്രാമം, പെൺകുട്ടികളുടെ ജനനം ആഘോഷിക്കുന്ന ഗ്രാമം.എന്നാൽ, കന്യാകുമാരിയിലുണ്ട് വ്യത്യസ്തമായൊരു ഗ്രാമം. മടാത്താട്ടുവിളൈ എന്നാണ് ഗ്രാമത്തിന്റെ പേര്. ഇവിടെയുള്ള ഓരോ വീട്ടിലും ഒരാളെങ്കിലും കണ്ണുകൾ ദാനം ചെയ്യുന്നു. ഇത്തരത്തിൽ ഗ്രാമത്തിലെ 229 പേർ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കണ്ണുകൾ ദാനം ചെയ്തു കഴിഞ്ഞു. ഗ്രാമത്തിലെ ആരെങ്കിലും മരിച്ചാലുടൻ വീട്ടുകാർ അവിടെയുള്ള പള്ളിയിലെ വൈദികനെ വിവരം അറിയിക്കും. പള്ളിയിലെ ചെറുപ്പക്കാർ ഉടൻ തന്നെ മരണം നടന്ന വീട്ടിലെത്തുകയും കണ്ണുകൾ ദാനം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. തിരുനെൽവേലിയിലെ മെഡിക്കൽ ടീം എത്തിയാണ് കണ്ണുദാനത്തിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്. ആദ്യമൊന്നും ഗ്രാമവാസികൾ ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. ഗ്രാമത്തിലെ മുതിർന്നവരൊന്നും കണ്ണുകൾ ദാനം ചെയ്യാൻ ആദ്യം സമ്മതിച്ചിരുന്നില്ല. കാരണം, കണ്ണുകളെടുത്താൽ മരണശേഷം ദൈവത്തിനെ കാണാനാകില്ലെന്നാണ് അവരുടെ വിശ്വസം. 2007-ലാണ് ആദ്യമായി ഗ്രാമത്തിലൊരാൾ കണ്ണുകൾ ദാനം ചെയ്തത്. ഇതിനു പിന്നാലെ എട്ടുപേരുടെ കണ്ണുകൾ കൂടി ദാനം ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. ഓരോ വീട്ടിലെയും ഒരാളെങ്കിലും കണ്ണ് ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. ആ വർഷം അവസാനമായപ്പോഴേക്കും 1500 പേർ കണ്ണ് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പ് വച്ചു കഴിഞ്ഞിരുന്നു.
ഇതിൽ അധികവും യുവാക്കളായിരുന്നു. 2015ൽ, 14 വയസുള്ള ഒരു കുട്ടി മുതൽ, 2017 ൽ 97 വയസുള്ള ഒരാൾ വരെ കണ്ണുകൾ ദാനം ചെയ്തു കഴിഞ്ഞു. അങ്ങനെ ഒരു ഗ്രാമമൊന്നാകെ കാഴ്ചയില്ലാത്തവർക്ക് കാഴ്ചയായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |