ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 52 ആയി. പെട്ടിമുടി അരുവിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇനി 18 പേരെയാണ് കണ്ടെത്താനുള്ളത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
ഇനി കണ്ടെത്താനുള്ളതിലേറെയും കുട്ടികളെയാണ്. പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ടു തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഡി.എൻ.എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.
കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമാണ് തെരച്ചിൽ ദുഷ്‌കരമാക്കുന്നത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരാനാണ് രക്ഷാ പ്രവർത്തകരുടെ തീരുമാനം. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഇടുക്കി കോട്ടയം ജില്ലാ കളക്ടർമാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ഇന്ന് ഉച്ചയ്ക്ക് അവലോകന യോഗം ചേരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |