ഇടുക്കി : ക്യാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്ന കട്ടപ്പന സ്വദേശിയെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് എത്തണമെന്ന ശഠിച്ച സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഈ മാസം ആറാം തീയതിയാണ് ക്യാന്‍സര്‍ ബാധിതനായ സനീഷ് ജോസഫിനെ രജിസ്ട്രാര്‍ നിര്‍ബന്ധിച്ചത്. ഇതു പ്രകാരം ആംബുലന്‍സില്‍ ഓഫീസ് പരിസരത്ത് എത്തിച്ച സനീഷിനെ മൂന്നാം നിലയില്‍ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഈ സസംഭവത്തിന്റെ പിറ്റേ ദിവസം സനീഷ് മരണപ്പെടുകയും ചെയ്തു. കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുനീഷ് ജോസഫ്.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കടുംപിടിത്തത്തിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വകുപ്പ് മന്ത്രിയായ ജി സുധാകരന്‍ സംഭവത്തെകുറിച്ച് അന്വേഷിച്ചത്. സനീഷ് കോംപൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികള്‍ എടുക്കാന്‍ തുനിയാതെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി ചെയ്തു എന്ന് മനസിലാക്കിയ മന്ത്രി കട്ടപ്പന സബ് രജിസ്ട്രാര്‍ ജി.ജയലക്ഷ്മിയെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഒരു ക്യാന്‍സര്‍ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഉദ്യോഗസ്ഥയെ അന്വേഷണം നടത്തി സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. മന്ത്രിയുടെ ഈ നടപടിക്ക് സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഇതിന് മുന്‍പും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയ്‌ക്കെതിരെ ശക്തമായ നടപടി മന്ത്രി സ്വീകരിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |